ഓരോ വിദ്യാലയത്തെയും ഓരോ ക്ലാസ്സിനേയും ഓരോ കുട്ടിയേയും മികവിലേക്ക് നയിക്കാന്‍.... പുതിയൊരു അധ്യയനവര്‍ഷത്തിലേക്ക് ഏവര്‍ക്കും സ്വാഗതം ..

19 January, 2019

LSS PADANA SAHAYA SAMAGRI


lss final by Razeena Shahid on Scribd

Lss Malayalam by Razeena Shahid on Scribd

LSS- Maths by Razeena Shahid on Scribd

സർഗവിദ്യാലയങ്ങൾ ഉണരുകയായി

പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിന് നൂതനങ്ങളായ വിദ്യാഭ്യാസ പരിപാടികൾ ഏറ്റെടുത്തുള്ള സർഗവിദ്യാലയങ്ങൾ ഉണരുകയായി. ഓരോ കുട്ടിയും ഓരോ വിദ്യാലയവും മികവിലേക്ക് എന്ന ആശയമുയർത്തിയുള്ള സർഗവിദ്യാലയം ജില്ലാതല ഉദ്ഘാടനം ഇടയിലെക്കാട് എ എൽ പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.
      ജില്ലയിലെ ഓരോ ബി ആർ സി യിൽ നിന്നും എൽ പി, യു പി വിഭാഗങ്ങളിൽ ഓരോ പദ്ധതികളാണ് ഈ അധ്യയന വർഷം നടപ്പാക്കാൻ തെരഞ്ഞെടുത്തിട്ടുള്ളത്.സമഗ്ര ശിക്ഷ കാസർകോടിന്റെയും ബി ആർ സി ചെറുവത്തൂരിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ സർഗവിദ്യാലയം പദ്ധതി ഉദ്ഘാടനം ചെയ്തു.ഇടയിലെക്കാട് എ എൽ പി സ്കൂളിന്റെ കാവറിവും കായലറിവും - പ്രാദേശിക പരിസ്ഥിതി ചരിത്രരചന പദ്ധതിക്ക്  തുടക്കമായി.ഇതോടൊപ്പം ജിയുപി സ്കൂൾ പാടിക്കീൽ, ജി എൽ പി സ്കൂൾ നീലേശ്വരം, ജിയുപി സ്കൂൾ പറക്കളായി, എൽപി സ്കൂൾ നിർമലഗിരി, ജിഎൽപി സ്കൂൾ മുക്കൂട്, ജിഎഫ് യു പി സ്കൂൾ കോട്ടിക്കുളം, ജിയുപി സ്കൂൾ കോളിയടുക്കം, ജി ഡബ്ല്യു എൽ പി സ്കൂൾ ബേള എന്നീ വിദ്യാലയങ്ങളിലെ ഏറെ വേറിട്ട പദ്ധതികളുടെ അവതരണവും നടന്നു. പദ്ധതികളെക്കുറിച്ചുള്ള വിശദാംശങ്ങളും അവയെപ്പറ്റിയുള്ള ചർച്ചകളും തുടർന്ന് ആതിഥേയ വിദ്യാലയത്തിന്റെ പ്രൊജക്ടിന്റെ സാധ്യതാ കേന്ദ്രമായ ഇടയിലെക്കാട് കാവ്, കവ്വായിക്കായൽ സന്ദർശനവും ഉദ്ഘാടന പരിപാടിക്ക് മിഴിവേകി.
   ഇടയിലെക്കാട് എ എൽ പി സ്കൂളിന്റെ പദ്ധതിയിൽ ഗ്രാമത്തിന്റെ പരിസ്ഥിതി ചരിത്രം ,പ്രാദേശിക ചരിത്രം, ഓരോ വിദ്യാർഥിയും രൂപപ്പെടുത്തുന്ന ഗ്രാമഭൂപടം, ജൈവ വൈവിധ്യരജിസ്റ്റർ, ഫോട്ടോഗ്രാഫിയിൽ മികവു നേടാൻ ദൃശ്യങ്ങൾ പകർത്തി കുട്ടികളുടെ ഫോട്ടോഗാലറി, പൂമ്പാറ്റ, പക്ഷി, തുമ്പി ,സസ്യം, കണ്ടൽ, മത്സ്യം, കൂൺ നിരീക്ഷണങ്ങൾ, കാരണവർ കൂട്ടം, കായൽയാത്ര തുടങ്ങിയവയും പഠന നേട്ടം ഉറപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരും.  പൊതു സമൂഹത്തിന് മുമ്പാകെ സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കും.
     വലിയപറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ വി കെ കരുണാകരൻ അധ്യക്ഷനായിരുന്നു.ചടങ്ങിൽ ജൈവവൈവിധ്യ ഉദ്യാനം ക്ലാസ് മുറി പ്രവർത്തനത്തിന് അധ്യാപകർക്കുള്ള കൈപ്പുസ്തകം എം രാജഗോപാലൻ എം എൽ എ പ്രകാശനം ചെയ്തു.സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി.ചെറുവത്തൂർ എ ഇ ഒ     എം കെ വിജയകുമാർ, ബിപിഒ  പി വി ഉണ്ണിരാജൻ, ജില്ലാ പ്രോഗ്രാം ഓഫീസർ ബി ഗംഗാധരൻ, ഡയറ്റ് സീനിയർ ലക്ചറർ ടി വി ഗോപകുമാർ, പി ടി എ പ്രസിഡന്റ് എം ഷാജി, പ്രഥമാധ്യാപകൻ എ അനിൽകുമാർ  എന്നിവർ സംസാരിച്ചു. തുടർന്ന് കാവും കായലുമറിയാൻ അന്വേഷണ യാത്രയ്ക്ക് പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം,ബി ആർ സി ട്രെയിനർ പി വേണുഗോപാലൻ എന്നിവർ നേതൃത്വമേകി.28 November, 2018

NEWS...
വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ

 ക്ലാസ് മുറികളിൽ നിന്നും നേടിയ ശാസ്ത്രീയമായ അറിവുകൾ നിത്യജീവിതത്തിൽ പ്രയോഗിക്കാനുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും പൂത്തിരി കത്തിക്കാൻ ശാസ്ത്ര പാർക്കുകൾ.സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 70 വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ ഒരുക്കാനുള്ള രണ്ടുനാൾ നീളുന്ന നിർമാണ ശില്പശാലയ്ക്ക് ചെറുവത്തൂർ ഉപജില്ലയിലെ നാലിലാംകണ്ടം ജിയുപി സ്കൂളിൽ ഗംഭീര തുടക്കം.       സ്കൂളുകളിലെ ശാസ്ത്ര പഠനം കേവലം അറിവ് നേടാൻ മാത്രമുള്ളതല്ലെന്നും ഈ അറിവിനെ നിത്യജീവിതത്തിൽ കണ്ടു പഠിക്കുമ്പോൾ അൽഭുതം കൂറുന്നതോടൊപ്പം,  തന്റേതായ നിലയിൽ പുതിയ അവസ്ഥയിൽ പ്രയോഗിക്കാനും പര്യാപ്തമാക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .പഠിച്ച ശാസ്ത്രീയ തത്ത്വങ്ങൾ പ്രയോഗിക്കാനുള്ള അവസരം ഇന്ന് വിദ്യാലയങ്ങളിൽ ലഭിക്കുന്നത് ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ അവസരതുല്യത വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നതാണ് ശാസ്ത്ര പാർക്കുകൾ. ലബോറട്ടറികൾ ക്ലാസ് മുറികളിലെ പഠനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെങ്കിൽ നേടിയ പഠനത്തിനുമപ്പുറത്തേക്ക് കടക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .സ്റ്റാപ്പ് ള ർ   മുതൽ ചാന്ദ്രയാൻ വരെയുള്ള ഏതിന്റെയും പിറകിൽ ഒട്ടേറെ ശാസ്ത്ര തത്ത്വങ്ങളും പ്രയോഗങ്ങളുമുണ്ടെന്ന തിരിച്ചറിവും കുട്ടികളിലേക്ക് പകരുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാർഥികളിലും വിദ്യാലയങ്ങളിലും ഇത്തരമൊരു അന്വേഷണതലം രൂപപ്പെടാനും പാർക്ക് കുട്ടികളുടെ കൂടി കണ്ടു പിടിത്തങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയായും മാറും. നാല് ഗ്രൂപ്പുകളിലായാണ് ശില്പശാല പുരോഗമിക്കുന്നത്.പ്രകാശവുമായി ബന്ധപ്പെട്ട എഡിസൺ ഗ്രൂപ്പിൽ കാലിഡോസ്കോപ്പ് 4ജി, 3ജി, മൾട്ടിപ്പിൾ റിഫ്ലക്ഷൻ, സിലിണ്ടറിക്കൽ മിറർ കപ്പിൾഡ് മിറർ, റേ ബോക്സ്, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഐൻസ്റ്റീൻ ഗ്രൂപ്പിൽ സമാന്തര ഭൂമി, സീസൺസ്, ഉദയാസ്തമയം, ഡി മോഡൽ, ചലനവുമായി ബന്ധപ്പെട്ട ന്യൂട്ടൺഗ്രൂപ്പിൽ ന്യൂട്ടൺസ് ക്രാഡിൽ, പെൻഡുലം ചെയിൻ, ഡബിൾ പെൻഡുലം, പൽച്ചക്രം, ഡബിൾ കോൺ, മർദവുമായി ബന്ധപ്പെട്ട ബർണോളി ഗ്രൂപ്പിൽബർണോളിസ് സ്പ്രിംഗ്ളർ, ഡബിൾ ഫണൽ മാനോമീറ്റർ, മാജിക് വാട്ടർ ഫ്ലോ എന്നീ ഉപകരണങ്ങൾ നിർമിക്കപ്പെടുന്നവയിൽ ചിലതാണ്.
      ഈ അധ്യയന വർഷത്തിൽ സമഗ്ര ശിക്ഷ 70 പാർക്കുകളും കൂടി അനുവദിക്കാനുള്ള നീക്കത്തിലാണ്.അതോടെ ജില്ലയിൽ 2019 മാർച്ചോടെ 140 ശാസ്ത്ര പാർക്കുകൾ യാഥാർത്ഥ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലേക്ക് ശാസ്ത്ര പാർക്കുകൾ കടന്നു വരികയാണെങ്കിൽ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സമ്പൂർണ ശാസ്ത്ര പാർക്ക് ജില്ലയായി കാസർകോട് മാറും.ഓരോ വിദ്യാലയത്തിനും 30,000 രൂപ വീതമാണ് സമഗ്ര ശിക്ഷ അനുവദിച്ചിട്ടുള്ളത്.
     ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി സി സുബൈദ നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ കെ ഗീത അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷ സംസ്ഥാന കൺസൾട്ടന്റ് ഡോ. പി കെ ജയരാജ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു സുമിത്ര, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ വി ശ്രീജ, മദർ പി ടി എ പ്രസിഡന്റ് കെ ജയപ്രഭ, ചെറുവത്തൂർ ബിപിഒ  പി വി ഉണ്ണിരാജൻ, പി ടി എ പ്രസിഡന്റ് എം വി സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നായി 70 ശാസ്ത്രാധ്യാപകർ പങ്കെടുക്കുന്ന ശില്പശാല ബുധനാഴ്ച സമാപിക്കും. ശില്പശാലയുടെ ഭാഗമായി രൂപപ്പെട്ട ശാസ്ത്ര പാർക്ക്  നാലിലാംകണ്ടം ജിയുപി സ്കൂളിന് പി കരുണാകരൻ എം പി സമർപ്പിക്കും.
15 November, 2018

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി

ചെറുവത്തൂർ ബി ആർ സി പരിധിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഉപകരണങ്ങളുടെ വിതരണം പൂർത്തിയായി.ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.124 കണ്ണടകൾ, വീൽചെയർ , ഫിസിയോ മാറ്റ് ,വാക്കർ, കമ്മോഡ് ചെയർ എന്നിവയടക്കം 31 ചലന സഹായ ഉപകരണങ്ങൾ, 13 കേൾവി ഉപകരണങ്ങൾ എന്നിവയാണ് സമഗ്ര ശിക്ഷ കാസർകോടിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തത്.
         സമഗ്ര ശിക്ഷ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ അധ്യക്ഷനായിരുന്നു. ബിപിഒ  പി വി ഉണ്ണി രാജൻ, ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ, ഐ ഇ ഡി സി റിസോഴ്സ് അധ്യാപിക പി വി പ്രസീദ എന്നിവർ സംസാരിച്ചു.

നേഹയോടൊപ്പ൦ ശിശുദിനത്തിൽ

ശിശുദിനമായ ഇന്നലെ ആറാം തരത്തിലെ നേഹയുടെ വീട്ടിലായിരുന്നു ഉച്ചയ്ക്ക് ശേഷം.

എല്ലിനെ ബാധിച്ച രോഗം കാരണം നടക്കാനോ കൂടുതൽ സമയം ഇരിക്കാനോ കഴിയാതെ വീട്ടിൽ കിടക്കയിൽത്തന്നെ കിടക്കേണ്ടി വരുന്ന അവളുടെ അടുത്തേക്ക് സഹപാഠികളോടൊപ്പം അധ്യാപകരും വിദ്യാഭ്യാസ ഓഫീസറുമടക്കം ചെന്നപ്പോൾ സന്തോഷപൂർവം വരവേൽക്കുകയായിരുന്നു നേഹ.

വീട്ടകം വിദ്യാലയമാകുന്ന നിമിഷങ്ങളായിരുന്നു പിന്നീട്.

കേരളപാഠാവലിയിലെ കുഴലൂത്തുകാരന്റെ പാഠം ദീപ ടീച്ചർ അവതരിപ്പിച്ചു.
ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം നേഹയും ചർച്ചയിൽ പങ്കെടുക്കുകയും പാഠത്തെ അധികരിച്ച് അവളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. വിജയകുമാർ സാറടക്കം എല്ലാവരും സശ്രദ്ധം അവളെ അനുമോദിക്കുകയായിരുന്നു.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാമും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

തുടർന്ന്,
കലാപഠനത്തിലെ പ0ന നേട്ടത്തെ മുൻനിർത്തി, മരക്കുറ്റിയിലിരുന്ന് കരയുന്ന പക്ഷിയുടെ ചിത്രം വരച്ചുകാണിച്ചപ്പോൾ, ആദ്യം കുട്ടികളിൽ പരിപൂർണ നിശബ്ദത.

കരയാനുണ്ടായ സാഹചര്യത്തെ അവർ പറയാൻ തുടങ്ങുമ്പോൾ, നേഹ പാടാൻ തുടങ്ങുകയായിരുന്നു, സുഗതകുമാരി ടീച്ചറുടെ ആ കവിത: ഒരു പാട്ടു പിന്നെയും....''

എല്ലാ വാത്സല്യങ്ങളും പകർന്നു നല്കി അവളുടെ ചിന്തകളെ തലഭാഗത്തിരുന്ന് തട്ടിയുണർത്താൻ ബി.ആർ.സി.ട്രെയിനർ പ്രസീത ടീച്ചറും ഉണ്ടായിരുന്നു.

തീർന്നില്ല,
അങ്ങനെയെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള നന്മനിറഞ്ഞ ഒരു മരത്തെ വരയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ, നേഹയുടെ അമ്മ കൊടുത്ത കടലാസിൽ,  എല്ലാവരും വരയ്ക്കുകയും കാണിക്കുകയും ചെയ്തു.
ബി.ആർ.സി.ട്രെയിനറായ വേണുഗോപാലൻ മാഷുടെ സ്നേഹവും സാന്ത്വനവും നിമിത്തം നേഹയും വരയുടെ ലോകത്തെ കീഴടക്കുന്നതായി കണ്ടു.

മനുഷ്യന്റെ ചെയ്തികളിൽ കണ്ണീർ തൂകുന്ന ജീവജാലങ്ങളുടെയും ലോകാനുഭവങ്ങളുടെയും കാര്യങ്ങൾ ചർച്ച ചെയ്ത് അവസാനം ഇതിനെതിരെ വിദ്യാർത്ഥികളായ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യത്തി,നു മുമ്പിൽ അല്പസമയം മൗനരായിരുന്നു.

പ്രധാനാധ്യാപിക ഇ.ഉഷ ടീച്ചറുടെ സന്ദർഭോചിത ഇടപെടലുംകൂടിയായതോടെ കുട്ടികൾ പറയാൻ തുടങ്ങി.

..പ്രതികരിക്കൽ,
പോസ്റ്റർ ബോധവൽക്കരണം,
പ്രസംഗം,....

ഇതിനിടയിൽ നേഹ പറഞ്ഞത് തെരുവുനാടകത്തെക്കുറിച്ചാണ്.

ചർച്ചയിലെപ്പോഴോ കടന്നുവന്നൂ, 'പാവനാടകം ' ...

ഇതാ, നമുക്ക് കണ്ടു നോക്കാം.

അങ്ങനെ,
അവളുടെ വീട്ടകത്ത്
'മരം ഒരു വരം' എന്ന പാവനാടകം അവതരിപ്പിച്ചത് നവ്യാനുഭവമായി മാറി.

അമ്മയും അച്ചാച്ചനും അമ്മമ്മയും വിളമ്പിത്തന്ന പലഹാരങ്ങളും ചായയും കഴിച്ചാണ് സഹപാഠികൾ മുറിവിട്ടിറങ്ങിയത്.

...തിരിച്ചിറങ്ങുമ്പോൾ നേഹയുടെ മുഖത്ത് വിടർന്ന സന്തോഷവും മനസ്സിൽ പകർന്നാടിയ അനുഭൂതികളും ചിന്തയിൽ പൂത്ത പൂമരങ്ങളും
പുതിയ പ്രതീക്ഷയുടെ പുലരിവെട്ടങ്ങൾ തീർക്കുന്നു, ആരിലും...

അക്ഷരാർത്ഥത്തിൽ
ഈ ദിനം സാർത്ഥകമാക്കാൻ സഹായിച്ച ഏവർക്കും നന്ദി.

08 November, 2018

Short film by cheriyakkara school team

എൽ.എൽ എ യായി അഭിനയിക്കാൻ എം.എൽ.എ തന്നെ എത്തിയപ്പോൾ കുരുന്നു മനസുകളിൽ കൗതുകവും ആഹ്ലാദവും. ചെറിയക്കര ഗവൺമെന്റ് എൽ.പി സ്കൂളിലാണ് കുട്ടികൾക്കൊപ്പം എം രാജ ഗോപാലൻ എം.എൽ.എ ക്യാമറക്ക് മുന്നിലെത്തിയത്. കുട്ടികൾ സന്തോഷത്തോടെ വളരട്ടെ എന്ന സന്ദേശമുയർത്തിയാണ് വിദ്യാലയം മൊട്ട് എന്ന പേരിൽ ഹ്രസ്വചിത്രമൊരുക്കുന്നത്. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കൊപ്പം പലോത്ത് ,ചെറിയാക്കര അങ്കണവാടികളിലെ കുട്ടികളും ചിത്രത്തിലുണ്ട്. ഒരു കുട്ടിയെ എം.എൽ എ അനുമോദിക്കുന്ന രംഗമുണ്ട്. കുട്ടികൾക്കൊപ്പം അഭിനയിക്കണമെന്ന അഭ്യർഥന എം.എൽ എ സ്നേഹത്തോടെ സ്വീകരിച്ചു. സംഭാഷണങ്ങൾ ഇല്ലാതെ പാട്ടും, മ്യൂസിക്കും മാത്രം ഉപയോഗിച്ചുള്ള വേറിട്ട രീതിയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ വിജയകുമാർ, ബി പി ഒ ഉണ്ണി രാജൻ , ബാര ഗവ. യു പി സ്കൂൾ വിദ്യാർഥി  അദ്വൈത് എന്നിവരും അഭിനയിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ അധ്യാപകൻ എം.മഹേഷ് കുമാറിന്റെ താണ് ആശയവും ആവിഷ്കാരവും. അബ്ബാസ് തൊടുപുഴ,ജോജോ ജോളി എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തത്.ദേശീയ അധ്യാപക അവാർഡ് ജേതാവ് വിധു പി നായർ, രഞ്ജിത്ത്പി കെ.പ., സാജൻ, പി ടി എ പ്രസിഡന്റ് സുമേഷ്, എം.പി ടി എ പ്രസിഡന്റ് ഓമന, വികസന സമിതിയംഗങ്ങളായ ഗോപാലൻ, വിനോദ്, പത്മിന, വിദ്യാലയത്തിലെ പ്രഥാനാധ്യാപിക ബേബി അധ്യാപകരായ മഞ്ജുള,സതീശൻ ജീവനക്കാരായ തമ്പാൻ, സരോജിനി എന്നിവരെല്ലാം പിന്നണിയിലുണ്ട്.ശിശുദിനത്തിൽ ചിത്രം പ്രദർശിപ്പിക്കും.

പടം.. എം രാജ ഗോപാലൻ എം.എൽ.എ കുട്ടികൾക്കൊപ്പം ചിത്രത്തിൽ