ഹോം ബെയ്സ്ഡ് എജുക്കേഷന്‍-അക്ഷരമധുരം
ദീനക്കിടക്കയില്‍ അക്ഷരമധുരം നുകര്‍ന്ന്
അസീറയും ആമിനയും
അപൂര്‍വരോഗം ചലന സ്വാതന്ത്ര്യം നിഷേധിച്ചപ്പോള്‍ അക്ഷരവെളിച്ചം പകരാനെത്തുന്ന ടീച്ചറമ്മ കുട്ടികള്‍ക്ക് സാന്ത്വനമാകുന്നു.എടച്ചാക്കൈ പാലത്തേരയിലെ യാസിര്‍ അറഫാത്ത് കുഞ്ഞായിഷ ദമ്പതികളുടെ ഏഴു വയസ്സുകാരി അസീറയും നാലു വയസ്സുകാരി ആമിനയുമാണ് ജന്മനാ ബാധിച്ച രോഗത്തിന്റെ തളര്‍ച്ചയിലും അക്ഷരലോകത്ത് പിച്ച വെക്കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പൊതു വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിനായി എസ്എസ്എ ആവിഷ്‌കരിച്ച ഐഇഡിസി പദ്ധതി പ്രകാരം ചന്തേര ബിആര്‍സിയിലെ റിസോര്‍സ് അധ്യാപിക ബി.രോഷ്ണിയാണ് ഇവര്‍ക്ക് വീട്ടിലെത്തി അക്ഷരമധുരം പകര്‍ന്നുനല്‍കുന്നത്.ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ അതിജീവിച്ച് മറ്റുകുട്ടികള്‍ക്കൊപ്പം എത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ വീട്ടിലെത്തുന്ന ടീച്ചറെ കാത്തിരിക്കുകയാണ് കുട്ടികളെന്നും.പേശികള്‍ക്ക് ബലമില്ലാതെ തളര്‍ന്നു പോകുന്ന അസുഖമാണിരുവര്‍ക്കും.കൈകാലുകളിലെ സ്വാധീനക്കുറവുകാരണം ശരീരം നേരെ നിര്‍ത്താന്‍ പോലും കഴിയുന്നില്ല.എടച്ചാക്കൈ എയുപി സ്‌കൂളില്‍ രണ്ടാം തരത്തില്‍ എത്തി നില്‍ക്കുന്ന അസീറ ആദ്യകാലങ്ങളില്‍ ഉമ്മയുടെ സഹായത്താല്‍ സ്‌കൂളില്‍ എത്തിയിരുന്നു.ക്ലാസ്സന്തരീക്ഷത്തില്‍ കുട്ടിക്ക് പാഠങ്ങള്‍ ഗ്രഹിക്കാന്‍ പറ്റാതായപ്പോഴാണ് ടീച്ചര്‍ വീട്ടിലെത്തി പാഠം ആരംഭിച്ചത്.അനുജത്തി ആമിന തൊട്ടടുത്ത അങ്കണവാടിയില്‍ പോകുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട രോഷ്ണിടീച്ചര്‍ എത്തുന്ന ദിവസങ്ങളില്‍ അവധിയെടുക്കും.ടീച്ചറെത്തുമ്പോഴേക്കും പാഠപുസ്തകങ്ങളുമെടുത്ത് നേരത്തെ തന്നെ പഠിക്കാന്‍ തയ്യാറായിരിക്കും.ആഴ്ചയില്‍ രണ്ടു ദിവസമാണ് ക്ലാസ്സ്്.കണ്ണുകളും കൈകളും ഏകോപിപ്പിച്ചുകൊണ്ടുള്ള ലളിതമായ പാഠങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നത്.മുത്തുകള്‍ നൂലില്‍ കോര്‍ക്കുക, കളറിംഗ്,പാട്ടുപാടല്‍, എണ്ണല്‍ തുടങ്ങിയവയാണ് ഇപ്പോഴത്തെ പഠനരീതി.ഇരുവരും നന്നായി പാടുകയും ചിത്രം വരയ്ക്കുകയും ചെയ്യും.ആദ്യകാലങ്ങളില്‍ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ പ്രയാസം അനുഭവപ്പെട്ടിരുന്നെങ്കിലും രോഷ്ണി ടീച്ചറുടെ സമീപ്യം ഇവര്‍ക്ക് അനുഗ്രഹമാവുകയായിരുന്നു.ടീച്ചറുടെ മുടങ്ങാതെയുള്ള ശിക്ഷണമാണ് ഇവരെ ഇങ്ങനെയെങ്കിലുമാക്കിയെടുത്തതെന്ന് കുട്ടികളുടെ മാതാവ് കുഞ്ഞായിഷ പറയുന്നു.
അസീറ വരച്ച ചിത്രങ്ങള്‍
രോഷ്ണിട്ടീച്ചറുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ഒട്ടേറെ പേര്‍ക്ക് ഇത് ഒരു പ്രചോദനമാകുമെന്ന പ്രതീക്ഷയില്‍ ഈ പോസ്റ്റ് കാസര്‍ഗോഡ് ഡയറ്റിന്റെ ബ്ലോഗില്‍ സന്തോഷപൂര്‍വം എടുത്തുചേര്‍ക്കുന്നു.
ReplyDelete