സഹപാഠികളുടെ സഹായഹസ്തം...നല്ല മാതൃക


                             പാഠ പുസ്തകങ്ങളുമായി എത്തിയ അവര്‍ സ്കൂള്‍ ബസില്‍ നേരെ പോയത് മാടക്കാല്‍ തുരുത്തിലേക്കാണ്. സഹപാഠിയുടെ കത്തിനശിച്ച കുടിലിനു പകരം പുതിയ വീട് പണിയാന്‍ ശ്രമദാനത്തിനായിരുന്നു അവരുടെ യാത്ര. സാമൂഹിക സേവനവും സഹജീവികളോടുള്ള അനുതാപവും പഠന പ്രക്രിയയുടെ ഭാഗമാണെന്ന് പ്രവൃത്തിയിലൂടെ തെളിയിക്കുകയായിരുന്നു കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍. കഴിഞ്ഞ മാസം ഒടുവിലാണ് സ്കൂളിലെ ഏഴാം തരം വിദ്യാര്‍ഥിനി സംഗീതയുടെ കുടില്‍ തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. സംഭവം ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ എം.കെ.മുഹമ്മദലിയാണ് സംഗീതക്ക് വീട് നിര്‍മിച്ച് നല്‍കുന്ന ആശയം മുന്നോട്ടു വെച്ചത്. തുടര്‍ന്ന് അധ്യാപക രക്ഷാകര്തൃ സമിതി ഉദ്യമം ഏറ്റെടുക്കുകയായിരുന്നു. കൈക്കോട്ടുകടവ് മുസ്‌ലിം ജമാഅത്ത് കമ്മറ്റിയും പിന്തുണയേകി. കുട്ടികള്‍ക്ക് ക്ലാസുകളില്‍ നിര്‍ദ്ദേശം നല്‍കിയപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ടു തന്നെ അര ലക്ഷത്തോളം രൂപ വീട് നിര്‍മിക്കാന്‍ സ്വരൂപിക്കാന്‍ കഴിഞ്ഞു. പട്ടിക ജാതി വിഭാഗക്കാരായ കുടുംബത്തിന് സര്‍ക്കാരില്‍ നിന്ന് വീട് നിര്‍മാണത്തിന് സഹായം ലഭിച്ചിരുന്നു. ഇതുപയോഗിച്ച് വീടിന്റെ ചുവരുകള്‍ ഭാഗീകമായി പണിതിരുന്നു. സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഇതിനു മുകളില്‍ ലിന്റല്‍ വാര്‍ത്ത് രണ്ടു വരി ചെങ്കല്ല് കെട്ടി. മേല്‍ക്കൂര കോണ്‍ക്രീറ്റ് ജോലിയാണ് ചൊവ്വാഴ്ച നടന്നത്. നാഷനല്‍ സര്‍വീസ് സ്കീമിലെ 30 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 60 പേരാണ് രാവിലെ എട്ടരയോടെ സൈറ്റില്‍ എത്തിയത്. റോഡില്‍ എത്തിച്ച നിര്‍മാണ സാമഗ്രികള്‍ ചുമന്ന് അവര്‍ സംഗീതയുടെ വീട്ടുമുറ്റത്ത് എത്തിച്ചു. നേരത്തെ ഏര്‍പ്പാടാക്കിയിരുന്ന അഞ്ച് വാര്‍പ്പ് തൊഴിലാളികള്‍ക്കൊപ്പം കുട്ടികള്‍ അവരുടെ പങ്കു കൂടി വഹിച്ചതോടെ ഉച്ചയോടെ സംഗീതയുടെ വീടിന് മേല്‍ക്കൂരയായി.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015