കുട്ടികളെ നല്ല വായനക്കാരാക്കാം


ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ കേള്‍ക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് വലിയ ഇഷ്ടമാണ്. അവര്‍ക്ക് കുട്ടിക്കഥകള്‍ വായിച്ചുകൊടുക്കാം. അറിയുന്ന, മനോഹരമായ ഫെയറിടെയില്‍സും മറ്റും ലളിതമായി പറഞ്ഞുകൊടുക്കാം. പേടി തോന്നുന്ന കഥകള്‍ വേണ്ട. കേട്ടാല്‍ അവരുടെ മനസില്‍ നല്ല സ്വപ്‌നങ്ങള്‍ ഉണ്ടാവുന്ന കഥകള്‍ മതി.

ചില കഥകള്‍ വീണ്ടും വീണ്ടും പറയാന്‍ കുട്ടികള്‍ ആവശ്യപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ പലതവണ അവര്‍ കേട്ട കഥകള്‍ ഇടയ്ക്ക് അവരെക്കൊണ്ട് തിരിച്ചും പറയിക്കണം. ഇത്, അവര്‍ തനിയെ വായിക്കാന്‍ തുടങ്ങുന്നതിന്റെ സൂചനയാണ്. തിരക്കില്ലാത്ത സമയം, അല്ലെങ്കില്‍ കുട്ടി വിടാതെ പിറകെത്തന്നെ നടക്കുന്ന സമയം പുസ്തകപരിചയത്തിനായി മാറ്റിവെക്കാം.

ഒന്നാം ക്ലാസ് തൊട്ട് കഥാപുസ്തകങ്ങള്‍ നല്‍കാം. നിറയെ ചിത്രങ്ങളുള്ള, ഒരു പേജില്‍ ഒന്നോ രണ്ടോ വാചകങ്ങളില്‍ കഥ പറയുന്നവയാണ് നല്ലത്. വലിയ അക്ഷരങ്ങളുള്ള പുസ്തകം വാങ്ങുക. അമ്മയോ അച്ഛനോ ഒപ്പമിരുന്ന് വായിച്ചുകൊടുക്കുന്നത് കുട്ടികള്‍ക്ക് വലിയ ഇഷ്ടം തന്നെ. അപ്പോള്‍ വരികളിലൂടെ വിരല്‍ തൊട്ട്‌കൊണ്ട് വേണം വായിച്ചുകൊടുക്കാന്‍. ഇടയ്ക്ക് വായിച്ചുതീര്‍ത്ത വരികള്‍ അവരെക്കൊണ്ട് വീണ്ടും വായിപ്പിക്കുക യുമാവാം. എന്നും വായനയ്ക്കായി കുറച്ചുസമയം മാറ്റിവെച്ചാല്‍ മതി. പരമാവധി അരമണിക്കൂര്‍. അധികനേരമിരുന്നാല്‍ കുട്ടികള്‍ക്ക് വേഗം മടുപ്പ് വരും.

ഇടയ്ക്കവരെ ലൈബ്രറികളില്‍ കൂടെകൊണ്ടുപോവുക. സംസാരിക്കാതെ, ബഹളമുണ്ടാക്കാതെ വായനയില്‍ മുഴുകാന്‍ ഇങ്ങനെ ശീലിപ്പിക്കാം. പല ലൈബ്രറികളിലും കുട്ടികള്‍ക്കായി പ്രത്യേക വിഭാഗം തന്നെ ഉണ്ട്.

ഒന്നാം ക്ലാസ് തൊട്ട് പത്രവായനയില്‍ താല്‍പ്പര്യം വളര്‍ത്താം. വാര്‍ത്ത നേരിട്ടുവായിപ്പിക്കുന്നതിന് പകരം, ആദ്യമൊക്കെ ചിത്രങ്ങള്‍ കാണിച്ച് അതെന്താണെന്ന് പറഞ്ഞുകൊടുക്കാം. തലക്കെട്ടുകള്‍ ഉറക്കെവായിക്കാന്‍ ആവശ്യപ്പെടാം. എന്നും രാവിലെ പത്രവുമായുള്ള ബന്ധം കുട്ടികളുടെ ഒരു ശീലമാക്കുക.

ഇത്തവണ ബര്‍ത്ത്‌ഡേ ഗിഫ്റ്റായി നല്ലൊരു കഥാപുസ്തകം നല്‍കിനോക്കൂ. അതവര്‍ക്ക് പ്രിയുള്ളതായിരിക്കും. കുഞ്ഞുകഥകളും കവിതകളും മാത്രമല്ല, കഌസിക് കൃതികളും കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്താം. ഇപ്പോള്‍ കുട്ടികള്‍ക്കുള്ള കഌസിക് കൃതികള്‍ വളരെ ലളിതമായ രൂപത്തില്‍ കിട്ടാനുണ്ട്.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015