നിരന്തര വിലയിരുത്തല്‍-ഉദ്യാനപാലകര്‍

ഉദ്യാനപാലകര്‍


ഒരു പൂന്തോട്ടം. പൂന്തോട്ടത്തില്‍ നിറയെ ചെടികള്‍.ചെടികളെ പരിപാലിക്കുന്ന ഉദ്യാനപാലകന്‍.ഓരോ ചെടിയെയും അയാള്‍ നന്നായി ശുശ്രൂഷിക്കുന്നുണ്ട്.ആവശ്യത്തിനു വെള്ളം നല്‍കുന്നു.വളം ചേര്‍ക്കുന്നു.ഇല കരളാനെത്തുന്ന പുഴുക്കളെയും മറ്റും എടുത്തുമാറ്റുന്നു.ചെടി വളരുന്നത് ശ്രദ്ധാപൂര്‍വ്വം നോക്കി നില്‍ക്കുന്നു.ചെടിയില്‍  മൊട്ടുകളുണ്ടാകുന്നു.മൊട്ടുകള്‍ വിരിഞ്ഞ് പൂക്കളാകുന്നു.അതു കണ്ട് അയാള്‍ ആനന്ദിക്കുന്നു.

നിരന്തര വിലയിരുത്തലിനെക്കുറിച്ച് പ്രൊഫസര്‍ ജേക്കബ് താരുവിന്റെ മനോഹരമായ ഒരു ഉപമ.സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷിന്റെ ആഭിമുഖ്യത്തില്‍ ഇംഗ്ലീഷ് ഭാഷയിലെ വിലയിരുത്തലിനെക്കുറിച്ച് ഫെബ്രു.25,26 തീയ്യതികളില്‍ തൃശൂര്‍ SIE യില്‍ വെച്ചു നടന്ന ദ്വിദിന ശില്‍പ്പശാലയില്‍  ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
വിലയിരുത്തല്‍ കുട്ടിയെ അറിയലാണ്.അവന്റെ പഠനരീതിയെക്കുറിച്ച് ടീച്ചര്‍ രൂപീകരിക്കുന്ന ചില ഉള്‍ക്കാഴ്ചകളാണ്.അവന്റെ കഴിവുകളെയും  പരിമിതികളെയും കുറിച്ച് ടീച്ചര്‍ക്കുണ്ടാകുന്ന തിരിച്ചറിവുകളാണ്.അവന് ഇനി നല്‍കേണ്ടുന്ന പിന്തുണയെക്കുറിച്ചുള്ള സ്നേഹപൂര്‍ണ്ണമായ അറിവാണ്.ഈ അറിവ് പഠനപ്രകൃയയുമായി ഇഴുകിച്ചേരുമ്പോഴാണ് ശരിയായ പഠനം നടക്കുന്നത്.അപ്പോളാണ് ചെടികളില്‍ പൂവ് വിരിയുന്നത്.ക്ലാസില്‍ സുഗന്ധം പരക്കുന്നത്.

ടീച്ചര്‍ കുട്ടികളെ സൂക്ഷമായി നിരീക്ഷിക്കുന്നിടത്താണ് വിലയിരുത്തല്‍ തുടങ്ങുന്നത്.അവന്റെ സ്വഭാവത്തെക്കുറിച്ച്,പെരുമാറ്റത്തെക്കുറിച്ച്,അവന്റെ  കൂട്ടുകാരെക്കുറിച്ച്, കടുംബപശ്ചാത്തലത്തെക്കുറിച്ച്,പഠനത്തില്‍ അവന്റെ മുന്നേറ്റത്തെക്കുറിച്ച്,പ്രയാസത്തെക്കുറിച്ച്.....
ടീച്ചര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കലല്ല പ്രധാനം. ഈ വിവരങ്ങള്‍ കുട്ടിയുടെ പഠനത്തെ മുന്നോട്ടു നയിക്കാന്‍
എത്രമാത്രം പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആ ക്ലാസിലെ കുട്ടികളുടെ വളര്‍ച്ച.അല്ലാത്ത പക്ഷം അതു വെറും കടലാസുവിലയിരുത്തല്‍ മാത്രമായി ഒതുങ്ങും.അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാന്‍ അതു മതിയാകും.പക്ഷേ,കുട്ടികളുടെ പഠനവുമായി അതിനു യാതൊരു ബന്ധവുമില്ല.

അധ്യാപകര്‍ ടേം പരീക്ഷയുടെയും ക്ലാസ് ടെസ്റ്റുകളുടെയും മറ്റും വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്യാനോ അതിന്റെ വെളിച്ചത്തില്‍ പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികളെ മുന്നോട്ട് കൊണ്ടുവരാന്‍ തന്റെ ബോധനരീതിയില്‍ എന്തെങ്കിലും മാറ്റം വരുത്താനോ അധ്യാപകര്‍ തയ്യാറാകാറില്ല.അതു കുട്ടികളെ കൊള്ളുന്നുവര്‍, കൊള്ളാത്തവര്‍ എന്നിങ്ങനെ കള്ളിതിരിച്ചുവെക്കാനുള്ള രേഖകള്‍ മാത്രമായി ചുരുങ്ങുന്നു.

പ്രൊഫസര്‍ ജേക്കബ് താരുവിന്റെ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തില്‍ നാം ആത്മ പരിശോധന നടത്തുന്നത് നന്നായിരിക്കും.ഏതാണ്ട് ഒരു ദശാബ്ദക്കാലമായി നിരന്തര വിലയിരുത്തലിനെക്കുറിച്ച് നാം ചര്‍ച്ച ചെയ്യാന്‍ തുടങ്ങയിട്ട്.ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ തെളിച്ചം നല്‍കിക്കൊണ്ട് നാലുവര്‍ഷം മുമ്പേ 'പടവുകള്‍' എന്ന കൈപുസ്തകം ഇറങ്ങുകയുണ്ടായി.വിലയിരുത്തലിന്റെ സിദ്ധാന്തവും പ്രയോഗവും വിശദമായി ചര്‍ച്ച ചെയ്ത പുസ്തകം.പുസ്തകത്തെ ആസ്പദമാക്കി നിരവധി പരിശീലനങ്ങള്‍ അധ്യാപകര്‍ക്കു നല്‍കുകയുണ്ടായി.എന്നിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ.....


 നിരന്തര വിലയിരുത്തല്‍ ഫലപ്രദമായി നടക്കാതെ പോകുന്നതിനുള്ള കാരണങ്ങളെക്കുറിച്ച്
വിശദമായി പഠിക്കേണ്ടതാണ്. ഒരു പ്രധാന കാരണം ഭരിക്കുന്നവരുടെ ഇച്ഛാശക്തിയില്ലായ്മ തന്നെ.പാഠ്യപദ്ധതി മാറ്റാം.പക്ഷേ, പരീക്ഷയെ തൊടാന്‍പേടിയാണ്.അധ്യാപകരുടെ തലയില്‍ കൂടുതല്‍ ഭാരം കെട്ടിവയ്ക്കുന്നുവെന്ന വിമര്‍ശനമുണ്ടെങ്കില്‍ വിലയിരുത്തലിന്റെയും രേഖപ്പെടുത്തലിന്റെയും രീതികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടതുണ്ട്.

എന്നാല്‍ ചില വിദ്യാലയങ്ങളില്‍ നല്ല മാതൃകകള്‍ രൂപപ്പെടുന്നുണ്ട്. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടങ്ങള്‍ പോലെ.പഠനത്തില്‍ വിലയിരുത്തലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അധ്യാപികമാര്‍ അങ്ങിങ്ങുണ്ട്.വിലയിരുത്തലില്ലാതെ പഠനം പൂര്‍ണ്ണമാകില്ലെന്നു കരുതുന്നവര്‍.ഇത്തരം മാതൃകകള്‍ കണ്ടെത്താനുള്ള ശ്രമം കൂടിയായിരുന്നു ശില്‍പ്പശാല.

ഇന്നതൊക്കെ നടക്കണം എന്നുപറയാതെ എന്തുനടക്കുന്നു എന്നതു കണ്ടെത്തല്‍.
അതിനെ മുകളിലോട്ടു കൊണ്ടുപോകല്‍.അല്ലാതെ മുകളിലെ തീരുമാനങ്ങള്‍ താഴോട്ട് നടപ്പാക്കലല്ല.ഇതുവരെ നടന്നതിനെ നേരെ തിരിച്ചടല്‍.

നല്ല ആലോചന.നടക്കുകയാണെങ്കില്‍  അതു ക്ലാസ്സുമുറിയില്‍  തീര്‍ച്ചയായും മാറ്റം കൊണ്ടുവരും.

 ഡോ.പി.കെ.ജയരാജ്,കെ.എം.ഉണ്ണികൃഷ്ണന്‍,കെ.ടി.ദിനേശ് തുടങ്ങി വിലയിരുത്തല്‍ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള  അക്കാദമിക വിദഗ്ദന്‍മാരാണ് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
നമുക്ക് പ്രതീക്ഷിക്കാം ക്ലാസ്സുമുറിയില്‍ പുതുവെളിച്ചം പരക്കുമെന്ന്....(കടപ്പാട്..കാനത്തൂര്‍ പെരുമ)

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015