'ശ്ശ്....ശല്യപ്പെടുത്തരുത്.ഒന്നാം ക്ലാസ്സുകാര്‍ വായനയുടെ സ്വര്‍ഗത്തിലാണ്'.
കാനത്തൂര്‍പ്പെരുമയില്‍ നിന്ന്......
ഇങ്ങനെ ഒരു ബോര്‍ഡ് ഒന്നാം ക്ലാസിനു മുന്നില്‍ തൂക്കിയിട്ടാലോ എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്.കാരണം കുട്ടികള്‍ മിക്കപ്പോഴും വായനയിലാണ്.വായിക്കാന്‍ പഠിച്ചതിന്റെ ആഹ്ളാദം അവരുടെ മുഖത്തു കാണാം.
മനസ്സിലിട്ട് ഉറപ്പിക്കുകയാണോ? ആര്‍ക്കറിയാം
.
ചിലര്‍ പുസ്തകങ്ങള്‍ ഗംഭീരമായി വായിക്കാന്‍ തുടങ്ങും.പക്ഷേ,മുന്നോട്ടു പോകുമ്പോള്‍ ഒന്നും മനസ്സിലാകില്ല.അവരുടെ നിലവാരത്തെക്കാള്‍ ഒരു പടി ഉയര്‍ന്ന പുസ്തകങ്ങള്‍.അവര്‍ക്കു പ്രശ്നമാകും.കുട്ടികള്‍ ഓടി ടീച്ചറുടെ അടുത്തെത്തും"ടീച്ചറേ ഈ പുസ്തകം ഒന്നു വായിച്ചു തരുമോ?"അവര്‍ ചോദിക്കും.
ടീച്ചര്‍ പുസ്തകം വായിച്ചുകൊടുക്കുന്നതു വരെ അവര്‍ പുറകെ നടക്കും.പുസ്തകം വായിച്ചു കേട്ടാലേ അവര്‍ക്കു സമാധാനമാകൂ.
വായനാപുസ്തങ്ങളുടെകൂട്ടത്തില്‍ ഇങ്ങനെയുള്ള പുസ്തകങ്ങള്‍ ടീച്ചര്‍ ഉള്‍പ്പെടുത്തുന്നത് മനപ്പൂര്‍വ്വമാണെന്ന് പിന്നീടാണ് എനിക്കു മനസ്സിലായത്.എല്ലാപുസ്തകങ്ങളും കുട്ടികള്‍ക്ക് എളുപ്പം വഴങ്ങരുത്.ചിലത് വായിച്ചെടുക്കാന്‍ കുട്ടി മുതിര്‍ന്നവരുടെ സഹായം തേടണം.എങ്കിലേ കുട്ടി വായനയുടെ അടുത്ത പടി കയറൂ.
.ഇത് ഗോപിക.ഗോപിക വായിക്കുന്നതു കണ്ടോ? ഇതിനെ വായനയുടെ ഗോപിക സ്റ്റൈല്‍ എന്നു വേണമെങ്കില്‍ പറയാം.നല്ല ഏകാഗ്രതയോടെയാണ് വായന.ആസ്വാദനക്കുറിപ്പെഴുതാന്‍ ടീച്ചര്‍ നല്‍കിയ പേപ്പര്‍ കൊണ്ട് പുസ്തകത്തിലെ വായിക്കുന്ന ഭാഗം ഒഴിച്ച് മറ്റു ഭാഗങ്ങള്‍ മറച്ചു പിടിച്ചാണ് വായന.കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക് ഓടിവന്നു. മുഖത്ത് സങ്കടം.
"സാരമില്ല. നീ മറ്റൊരു നല്ല പുസ്തകം എടുത്തോളു”.ഞാന്‍ പറഞ്ഞു.
"വേണ്ട. എനിക്ക് ഇതു തന്നെ വായിക്കണം”.അവള്‍ വിടാന്‍ ഭാവമില്ല.
"മാഷ് ഇതെനിക്ക് വായിച്ച് തര്വോ?”
ഒടുവില്‍ പുസ്തകം മുഴുവന്‍ വായിച്ചു കേട്ടിട്ടേ അവള്‍ എന്റെ അടുത്തുനിന്നുംപോയുള്ളു.
ഒന്നാം ക്ലാസ്സുകാര്‍ പുസ്തകാസ്വാദനക്കുറിപ്പ് എഴുതുമോ?
കുഞ്ഞനിയത്തിയും കൂട്ടുകാരും എന്ന പ്രശസ്തമായ ടോള്‍സ്റ്റോയ് കഥയുടെ
ലളിതമായ പുനരാഖ്യാനം വായിച്ച് ഗോപിക എഴുതിയ ആസ്വാദനക്കുറിപ്പ് നോക്കൂ.
കഥയുടെ സത്ത ചുരുക്കം ചില വാക്യങ്ങളില്‍ അവള്‍ ഒതുക്കിയിരിക്കുന്നു.കഥയിലെ ആശയത്തെ സംഗ്രഹിച്ചെഴുതിയിരിക്കുന്നു.
ഇനി മാഡത്തിന്റെ ബസ്സ് യാത്ര എന്ന പുസ്തകത്തെക്കുറിച്ച് അതുല്ല്യ എഴുതിയ കുറിപ്പ് നോക്കാം.
പുസ്തകത്തിലെ കേന്ദ്രകഥാപ്പാത്രമായ വള്ളിയെക്കുറിച്ചാണ് കുട്ടി എഴുതിയിരിക്കുന്നത്.വള്ളിയെ ഇഷ്ടപ്പെടാനുള്ള കാരണം അവള്‍ വസ്തുനിഷ്ടമായി സമര്‍ത്ഥിച്ചിരിക്കുന്നു! ശക്തമായ കഥാപ്പാത്ര നിരൂപണം
അതുല്‍ പുസ്തകത്തെ വായിച്ചെടുത്തത് എങ്ങനെയാണെന്നു നോക്കൂ.പുസ്തകത്തില്‍ നല്ല ചിത്രങ്ങള്‍ ഉണ്ട്.അതുകൊണ്ടാണ് അവന് പുസ്തകം ഇഷ്ടമായത്.കാഞ്ചന എന്ന കുട്ടി പൂമ്പാറ്റയെ പിടിക്കാന്‍ പോയതും അവള്‍ പൂമ്പാറ്റയുടെ ചിത്രം വരച്ചതുമാണ് അവന് ആ പുസ്തകത്തില്‍ നിന്നും മനസ്സിലായത്.അത് അവന്റെ വായനയാണ്.ഇപ്പോള്‍ അതു മതിയാകും.
എലിക്കുഞ്ഞുങ്ങളും പൂച്ചയും എന്ന പുസ്തകം മിഥുന്‍ ഇഷ്ടപ്പെട്ടതിനു കാരണം എലിക്കുഞ്ഞുങ്ങള്‍ പൂച്ചയെ കല്ലെറിഞ്ഞതു കൊണ്ടാണ്.പുസ്തകത്തിലെ ഒരു പ്രധാന സംഭവമാണ് അവന്‍ കണ്ടെത്തിയത്.
തയ്യാറാക്കിയിട്ടുണ്ട്.
എങ്ങനെയാണ് ടീച്ചര്‍ കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?
ആദ്യമാദ്യം കഥകള്‍ പറഞ്ഞു കൊടുത്തു.പിന്നെചിത്രങ്ങള്‍ കാണിക്കുകയും അവയെക്കുറിച്ച് സംസാരിപ്പിക്കുകയും ചെയ്തു.കഥ കേള്‍ക്കുന്നതിനിടയിലെ കുട്ടികളുടെ ചിന്തകളും പൂരണങ്ങളും ചാര്‍ട്ടില്‍ എഴുതിയിട്ടു.അത് അവരെക്കൊണ്ടുതന്നെ വായിപ്പിച്ചു.പാഠം മുന്നോട്ടുപോകുമ്പോള്‍ കുട്ടികള്‍ പതുക്കെ അക്ഷരങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വായനയിലേക്കു കടന്നു. ഇടയ്ക്ക് മനോഹരമായ ചിത്രങ്ങളുളള കഥാപ്പുസ്തകങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. ചിത്രങ്ങള്‍ കാട്ടിയും ചോദ്യങ്ങള്‍ ഉന്നയിച്ചും ഈ പുസ്തകങ്ങളിലെ കഥകള്‍ ഇടക്കിടെ അവര്‍ക്കു വായച്ചു കൊടുത്തു
പുസ്തകങ്ങള്‍ ഏതു സമയത്തും കുട്ടികള്‍ക്ക് എടുത്തുമറിച്ചുനോക്കാവുന്ന രീതിയില്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ചു.കുട്ടികള്‍ക്കു ചുറ്റും പുസ്തകങ്ങള്‍.അത് അവര്‍ എടുത്തു നോക്കി.മണപ്പിച്ചു.അതിലെ ചിത്രങ്ങള്‍ നോക്കിയിരുന്നു.ചിത്രങ്ങളില്‍നിന്നും കഥകള്‍ സ്വയം പറഞ്ഞുണ്ടാക്കി.വായിക്കുന്നതായി അഭിനയിച്ചു.പതുക്കെപ്പതുക്കെ, അക്ഷരങ്ങളെ മെരുക്കിയെടുത്തതോടെ അവര്‍ വായിക്കാന്‍ തുടങ്ങി.പിച്ചവെച്ചു നടക്കുന്ന കുഞ്ഞുങ്ങളെപ്പോലെ.വായനയുടെ ആനന്ദം അവര്‍ അനുഭവിക്കാന്‍ തുടങ്ങി.പുസ്തകങ്ങള്‍ അവരുടെ ഉറ്റകൂട്ടുകാരായി.
..(കടപ്പാട്..കാനത്തൂര്‍ പെരുമ)
Comments
Post a Comment