കണക്കിലെ കുരുക്കഴിക്കാം


ഇനി മൗസ് ക്ലിക്കുകൊണ്ട് കണക്കിലെ കുരുക്കഴിക്കാം
കണക്ക് പിഴയ്ക്കുന്നവരും കണക്കിനെ പഴിക്കുന്നുവരും ഇനി വിഷമിക്കേണ്ടതില്ല. പത്താംതരക്കാര്‍ക്ക് ഒന്നാന്തരം പഠന പ്രവര്‍ത്തനങ്ങളുമായി പുറത്തിറങ്ങിയ ഗണിത പഠന സിഡി ശ്രദ്ധേയമാകുന്നു. കണക്കിലെ കുഴപ്പംപിടിച്ച പ്രശ്‌നങ്ങള്‍ക്ക് ഇനി മൗസ് ക്ലിക്കിന്റെ വേഗത്തില്‍ പരിഹാരം കാണാം. കേരള പ്രൈവറ്റ് സെക്കന്ററി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ അക്കാദമിക് കൗണ്‍സിലും സിനര്‍ജി എഡ്യുക്കേഷണല്‍ സര്‍വീസും സംയുക്തമായാണ് ലളിതമായ പഠനപ്രവര്‍ത്തനങ്ങളുമായി സിഡി പുറത്തിറക്കിയത്. 
ഗണിത വിഷയങ്ങള്‍ മന:പാഠമാക്കിയും എഴുതിയും ശീലിച്ച കീഴ്‌വഴക്കത്തിന് മാറ്റംകുറിച്ചുകൊണ്ടാണ് കളികളിലൂടെയും ചിത്രങ്ങളിലൂടെയും ഗണിതം ലളിതമാക്കി 'ഈസി പ്ലസ് മാത്തമാറ്റിക്‌സ് ' സിഡി നിര്‍മിച്ചത്. സമാന്തര ശ്രേണികള്‍, വൃത്തങ്ങള്‍, രണ്ടാംകൃതി സമവാക്യങ്ങള്‍, ത്രികോണമിതി, ഘനരൂപങ്ങള്‍, സൂചക സംഖ്യങ്ങള്‍, ജ്യാമിതിയും ബീജഗണിതവും തുടങ്ങി മുഴുവന്‍ പാഠവിഷയങ്ങള്‍ മൗസ് ക്ലിക്കിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയും. സൂചക സംഖ്യകളുടെ നിര്‍ദ്ധാരണത്തിനായി ഉള്‍പ്പെടുത്തിയ കളികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്. സംഖ്യാ ഗ്രാഫിന് നടുവില്‍ നിറതോക്കുമായി നില്‍ക്കുന്ന വേട്ടക്കാരുമുന്നില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന പുലി. ഗ്രാഫിലെ സുചക സംഖ്യകള്‍ കൃത്യമായി നോക്കി പുലിയെ വെടിവച്ചുവീഴ്ത്താം. വേട്ടക്കാരന് മൂന്നുതവണ പിഴച്ചാല്‍ പുലി തിരിച്ചുകടിക്കും. സംഖ്യാഗ്രാഫിലെ മീനുകളെ സൂചക സംഖ്യകള്‍ ഉപയോഗിച്ച് എറിഞ്ഞുവീഴ്ത്തുന്നതും സിഡിയിലെ രസകരമായ ഗെയിമുകളില്‍ ഒന്നാണ്. മുന്നറിവുകളുടെ പരിശോധന നടത്തുന്നതോടൊപ്പം ഗണിതപ്രശ്‌നങ്ങള്‍ക്ക് ആവശ്യമായി ക്രിയാനിര്‍ദേശങ്ങളും സിഡി ഉറപ്പുവരുത്തുന്നു. കേരള സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ക്ക് ഇംഗ്ലീഷിലും മലയാളത്തിലും വിവരണം നല്‍കുന്നുണ്ട്. ഒരേ സിഡിയില്‍ തന്നെയാണ് ഇരു ബോധന മാധ്യമവും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആവശ്യാനുസരണം ഭാഷ തെരഞ്ഞെടുക്കാം. ഓരോ പാഠത്തിന്റെയും ഉപവിഷയങ്ങളും നിരവധി പ്രശ്‌ന നിര്‍ദ്ധാരണ സൂചകങ്ങളും സിഡിയുടെ മേന്മയാണ്. കാഴ്ച ,കേള്‍വി, പ്രവര്‍ത്തനം തുടങ്ങിയ പഠനതന്ത്രങ്ങളിലൂടെയാണ് ഗണിതപഠനം പുരോഗമിക്കുന്നത്. ഇതിന് മുമ്പ് രസതന്ത്രം, ഭൗതീക ശാസ്ത്രം എന്നീ വിഷയങ്ങളിലും ഇത്തരത്തില്‍ സിഡികള്‍ പുറത്തിറക്കിയിരുന്നു. പാഠഭാഗങ്ങള്‍ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നതിനാല്‍ പഠനവസ്തുതകളെ എക്കാലവും ഓര്‍മിക്കാന്‍ കഴിയുമെന്ന് ഇതിന്റെ അണിയറ
പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഫോണ്‍: 9656630312.

Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്