2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷം


നാളേക്കായ് മണ്ണൊരുക്കാം 
മണ്ണ്. ജീവാങ്കുരങ്ങള്‍ ഇ തള്‍നീട്ടിയ, ആദിമസംസ്കാരങ്ങള്‍ക്ക് വിളനിലമായ ഭൂമി. കോടാനുകോടി സൂക്ഷ്മജീവികള്‍ക്കും ചരാചരങ്ങള്‍ക്കും അഭയകേന്ദ്രം. അനേകം രാസ-ജൈവ പരിണാമങ്ങളുടെ പണിശാല. കരയിലും കടലിലുമായി ഏതാണ്ട് ഒരടി കനത്തിലുള്ള മേല്‍മണ്ണ് ജീവന്റെ പുതപ്പാണ്. ആഹാരം, വസ്ത്രം, പാര്‍പ്പിടം തുടങ്ങി മനുഷ്യ നിലനില്‍പ്പിനാവശ്യമായ സുപ്രധാന വസ്തുക്കളുടെയെല്ലാം ഉല്‍പാദനം മണ്ണുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. എന്നാല്‍ മനുഷ്യരുടെ അത്യാചാരങ്ങള്‍ മണ്ണിന്റെ ജീവന്‍ കെടുത്തുകയാണ്. പ്രകൃതി ചൂഷണം, അമിതമായ രാസവളങ്ങളുടെയും കീടനാശിനികളുടെയും പ്രയോഗം, വനശീകരണം, പെരുകുന്ന മാലിന്യങ്ങള്‍, അശാസ്ത്രീയമായ കൃഷിരീതി, അനിയന്ത്രിതമായ യന്ത്രവല്‍ക്കരണം, നഗരവല്‍ക്കരണം തുടങ്ങിയവ ലക്ഷോപലക്ഷം വര്‍ഷംകൊണ്ട് പ്രകൃതി സൃഷ്ടിച്ചെടുത്ത മണ്ണിനെ മാറ്റിമറിച്ചിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. ആഗോളതലത്തില്‍ മണ്ണിന്റെ പ്രാധാന്യം, ഉപയോഗം എന്നിവയെക്കുറിച്ചും മണ്ണ് പരിപാലനത്തിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 2015 അന്താരാഷ്ട്ര മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നു. 2014 അന്താരാഷ്ട്ര കുടംബ കൃഷി വര്‍ഷമായി ആചരിച്ചതിന്റെ തുടര്‍ച്ചയാണിത്. ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ ആഹ്വാനപ്രകാരം 2002 മുതല്‍ എല്ലാവര്‍ഷവും ഡിസംബര്‍ അഞ്ച് മണ്ണുദിനമായി ആചരിച്ച് വരുന്നുണ്ട്. ഇതിന് 2013 മുതല്‍ യുഎന്‍ഒയുടെ അംഗീകാരം ലഭിക്കുകയുംചെയ്തിരുന്നു.

 "മണ്ണ് കുടുംബ കൃഷിയുടെ അടിത്തറ' എന്നതാണ് ഈ വര്‍ഷത്തെ ലോകമണ്ണ് ദിനാചരണത്തിന്റെ മുഖ്യപ്രമേയം. 
 മണ്ണ് ജീവന്റെ അടിസ്ഥാന ഘടകം
 ജീവന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ് മണ്ണെന്ന് എല്ലാവരും തിരിച്ചറിയണം. കൃഷിയുടെ അടിസ്ഥാനഘടകവും സസ്യങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും ആവാസകേന്ദ്രവുമാണ് മണ്ണ്. മണ്ണ് നന്നായാലേ മികച്ച വിളവ് ലഭിക്കൂ. അതുവഴി മാത്രമേ ഭക്ഷ്യസുരക്ഷ കൈവരിക്കാന്‍ കഴിയൂ. ആഹാരത്തിന് പുറമേ ജലം, ഊര്‍ജം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം പ്രദാനംചെയ്യുന്നതും ഭൂമിയില്‍ ജൈവവൈവിധ്യം നിലനിര്‍ത്തുന്നതും മണ്ണാണ്. മണ്ണ് സംരക്ഷിക്കാം- ജീവന്‍ നിലനിര്‍ത്താംഒരു സെന്റീമീറ്റര്‍ കനത്തില്‍ പുതുമണ്ണുണ്ടാകാന്‍ ആയിരം വര്‍ഷത്തോളം വേണ്ടിവരുമത്രേ. നൂറ്റാണ്ടുകളിലൂടെ കാറ്റും മഴയും മഞ്ഞും വെയിലുമേറ്റ് ദ്രവിക്കുന്ന പാറക്കെട്ടുകളിലെ സസ്യജാല വളര്‍ച്ചയോടെ, ജൈവാംശംചേര്‍ന്നാണ് മണ്ണ് രൂപപ്പെടുന്നത്. ഈ പ്രവര്‍ത്തനത്തെ പെഡോജെനസിസ് എന്നാണ് വിളിക്കുന്നത്. തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃതി പ്രതിഭാസമാണിത്. മിക്ക സ്ഥലങ്ങളിലും മണ്ണ് രൂപംകൊള്ളുന്നത് പാളികളായിട്ടാണ്. ഇങ്ങനെ പാളികളായി രൂപപ്പെടുന്നതിനെ ഹൊറിസോണ്‍ എന്നുപറയുന്നു. ജീവമണ്ഡലത്തിന്റെ അടിസ്ഥാനമായ മണ്ണിന്റെ പോഷകസമ്പുഷ്ടമായ മേല്‍ഭാഗം ഒലിച്ചുപോകുന്നതിനെയാണ് മണ്ണൊലിപ്പ് എന്ന് പറയുന്നത്. നമ്മുടെ പരിസ്ഥിതി നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. മനുഷ്യന്റെ പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റമാണ് മണ്ണൊലിപ്പിന് പ്രധാനമായും കാരണമാകുന്നത്. കാട്ടുമരങ്ങള്‍ വെട്ടിനിരത്തിയും കുന്നുകള്‍ ഇടിച്ചുനിരത്തിയും വന്‍ സൗധങ്ങളും ഫ്ളാറ്റുകളും മറ്റും പണിതുയര്‍ത്തുമ്പോള്‍ അത് പ്രകൃതിയോടും വരും തലമുറയോടും ചെയ്യുന്ന കടുത്ത ദ്രോഹമായി മാറുന്നു. ഇന്ത്യയില്‍ ഏകദേശം 600കോടി ടണ്‍ മേല്‍മണ്ണ് പ്രതിദിനം ഒലിച്ചും പൊടിക്കാറ്റില്‍ പറന്നും നഷ്ടമാവുന്നുണ്ടത്രേ. വില്‍പനച്ചരക്കെന്ന നിലയില്‍ മണ്ണ് മാറ്റപ്പെടുന്നതിന്റെ കണക്കെടുത്താല്‍ അതിഭീമമായിരിക്കും. മണ്ണൊലിപ്പ് മണ്ണിന്റെ ഫലഭൂയിഷ്ടത നഷ്ടപ്പെടുത്തുന്നതിനോടൊപ്പം കാര്‍ഷിക വിഭവങ്ങളുടെ ഉല്‍പാദനത്തിലും ഭൂഗര്‍ഭജലത്തിന്റെ അളവിലും വലിയ കുറവ് വരുത്തുന്നു. പുല്ലുകളും സസ്യങ്ങളും മറ്റും വച്ചുപിടിപ്പിച്ച് ഒരു പരിധിവരെ മണ്ണൊലിപ്പ് തടയാം. മരങ്ങളുടെ വേരുകള്‍ മണ്ണിനെ നന്നായി പിടിച്ചുനിര്‍ത്തുന്നതിനാല്‍ വന്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് അഭികാമ്യമാണ്. ജൈവാംശമുള്ള മണ്ണില്‍ മണ്ണൊലിപ്പിന്റെ സാധ്യത വളരെ കുറവാണ്. വനങ്ങള്‍ മണ്ണിനെയും വെള്ളത്തെയും നന്നായി പിടിച്ചു നിര്‍ത്തുന്നു. കുന്നിന്‍ ചരിവുകളില്‍ തട്ടുതട്ടായി കൃഷിചെയ്യുന്നത് മണ്ണൊലിപ്പിനെ പ്രതിരോധിക്കാനുള്ള ഉചിതമായ മാര്‍ഗമാണ്. മണ്ണും വെള്ളവും ഒരുമിച്ച് ഒരിടത്ത് നിലനിര്‍ത്താന്‍ നൈസര്‍ഗിക ജീവസമൂഹങ്ങള്‍ക്കേ കഴിയൂ. ഇതിനു പറ്റിയ ഇടങ്ങളാണ് വയലുകളും നീര്‍ത്തടങ്ങളും. എല്ലാത്തരം സസ്യങ്ങളും ജീവവര്‍ഗങ്ങളും മണ്ണിന് ആവശ്യമുള്ളവതന്നെയാണ്. അവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുമാത്രമേ സുസ്ഥിര വികസനം സാധ്യമാകുകയുള്ളൂ. ആ ജൈവവൈവിധ്യമാണ് നമ്മുടെ വലിയ സമ്പത്തും. 
നമ്മുടെ മണ്ണ് 
നമ്മുടെ ജീവന്‍ മനുഷ്യരുടെ വിവേചനമില്ലാത്ത പ്രകൃതിചൂഷണം മണ്ണിന്റെ സ്വാഭാവികതയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ പ്രകൃതിയൊരുക്കിയ വളക്കൂറുള്ള മേല്‍മണ്ണിന്റെ ഘടനതന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയിലെ വിഭവങ്ങളില്‍ പകുതിയിലധികവും മനുഷ്യന്റെ നിയന്ത്രണമില്ലാത്ത ഇടപെടലിനെത്തുടര്‍ന്ന് നഷ്ടമാകുന്നു എന്ന തിരിച്ചറിവില്‍നിന്നാണ് 2015 മണ്ണിന്റെ അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലി ആഹ്വാനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും വനശീകരണവും മലിനീകരണവും അമിതമായ നഗരവല്‍ക്കരണവും മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠത നശിക്കുകയാണ്. ഇതാകട്ടെ കൃഷിയെ മാത്രമല്ല; കൃഷി അടിസ്ഥാനമായ ആവാസവ്യവസ്ഥയും ജലലഭ്യതയും ഇല്ലാതാക്കുകയാണ്. മനുഷ്യന്റെ നിലനില്‍പ്പിന് ഇതരജീവജാലങ്ങളുടെ സാന്നിധ്യം കൂടി അനിവാര്യമാണ്. ഇതിനെല്ലാം മണ്ണിന്റെ സമൃദ്ധി കൂടിയേ തീരൂ. മണ്ണിന്റെ മേന്മ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാണ് അന്താരാഷ്ട്ര മണ്ണ് വര്‍ഷം ആചരിക്കുന്നത്. മണ്ണിനെ ചൂഷണം ചെയ്യുന്നതു തടയാനും മണ്ണിന്റെ സമൃദ്ധി നിലനിര്‍ത്താനും വൈവിധ്യമാര്‍ന്ന കൃഷിസമ്പ്രദായത്തിലേക്ക് തിരിച്ചുപോകേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറ് നിലനിര്‍ത്താന്‍, വരള്‍ച്ച ഒഴിവാക്കാന്‍, പ്രളയം തടയാന്‍, കാലാവസ്ഥാമാറ്റം ചെറുക്കാന്‍, വെള്ളം സംരക്ഷിച്ചുനിര്‍ത്താന്‍, വിളകള്‍ വളര്‍ത്താന്‍, നമുക്ക് മണ്ണിനെ സംരക്ഷിക്കാം. നമ്മുടെ നാട്ടില്‍ പലയിടങ്ങളിലും കുന്നുകള്‍ പിളര്‍ന്ന് മണ്ണെടുക്കുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നത് കണ്ടിട്ടില്ലേ? അത് മണ്ണിന്റെ ഘടനയില്‍ വലിയ മാറ്റം വരുത്തും. ആരോഗ്യമുള്ള ജീവിതത്തിന് ആരോഗ്യമുള്ള മണ്ണുവേണം. 
മണ്ണും ജീവജാലങ്ങളും 
അതിസൂക്ഷ്മവും ചെറുതും വലുതുമായ ധാരാളം ജീവജാലങ്ങളുടെ വാസകേന്ദ്രമാണ് മണ്ണ്. ഇവയെ വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ മൈക്രോ ഫൗന, മെസോഫൗന, മാക്രോ ഫൗന എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു. 0.2 മി. മീറ്ററിലും താഴെ വലുപ്പമുള്ളവയാണ് സൂക്ഷ്മവിഭാഗത്തില്‍പെട്ടവ. സാധാരണഗതിയില്‍ നഗ്നനേത്രങ്ങളെക്കൊണ്ട് കാണാന്‍ കഴിയാത്തവയാണ് ഇവ. വ്യത്യസ്ത വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുജീവികളായ ആല്‍ഗെ, ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവയുടെയെല്ലാം വിളനിലമാണ് മണ്ണ്. ആരോഗ്യകരമായ, ജീവസുറ്റ മണ്ണിന്റെ നിലനില്‍പ്പിന് സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറുമ്പുകള്‍, പ്രാണികള്‍, വണ്ടുകള്‍, പുഴുക്കള്‍, മണ്ണിരകള്‍, തേരട്ടകള്‍, ഷഡ്പദങ്ങള്‍, എട്ടുകാലികള്‍, തവള, ഉരഗങ്ങള്‍, എലി, അണ്ണാന്‍, മുയല്‍, പക്ഷികള്‍ മുതലായവയും സസ്യജാലങ്ങളും മണ്ണിനെ ചൈതന്യവത്താക്കുന്നു. മണ്ണിലെ ഭക്ഷ്യശൃംഖലയെ ഉല്‍പാദകര്‍, ഉപഭോക്താക്കള്‍, വിഘാടകര്‍ എന്നിങ്ങനെ തരംതിരിക്കാം -

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016