പുത്തനുണർവുമായി ചെറിയാക്കര ഗവ.എൽപി സ്കൂൾ....

മൂന്നാം തരത്തിലെ കുട്ടികൾക്ക് കലപ്പയുടെ ആത്മകഥയെഴുതാനുണ്ട്.അശോകൻ മാഷ് കുട്ടികളോട് കലപ്പയെ കുറിച്ച് ചോദിച്ചു .കർഷകരുടെ നാടായ ചെറിയാക്കരയിലെ കുട്ടികൾക്കു പോലും കലപ്പ എന്താണെന്നറിയില്ല. ഇത് വലിയ ഒരാലോചനയിലേക്കാണ് മാഷെ നയിച്ചത്. പഴയ കാല കാർഷിക സംസ്കൃതിയുടെ നേരനുഭവങ്ങൾ ഈ കുട്ടികൾക്കൊരുക്കി കൊടുക്കണം.SRG യിൽ ചർച്ച ചെയ്തു പിടിഎയിലും വികസന സമിതിയിലും ചർച്ച ചെയ്തു. എല്ലാവരും ഒത്തുകൂടി. പഴയ കാല കാർഷിക ഉപകരണങ്ങൾ സംഘടിപ്പിച്ച് ഒരു നല്ല പ്രദർശനം ഒരുക്കണം. അതിനായി അവർ ചെറിയാക്കരയിലെ മുഴുവൻ വീടുകളും കയറിയിറങ്ങി. ഫലമോ നിധിപോലെ വീട്ടിൽ സൂക്ഷിച്ച പണപ്പെട്ടി മുതൽ പണ്ടുകാലത്ത് വീട്ടിൽ ഉപയോഗിച്ചരുന്ന നൂറോളം ഉപകരണങ്ങളാണ് പ്രദർശനത്തിനായി ലഭിച്ചത്.

കുട്ടികൾക്ക് നുകം വെച്ച് കലപ്പയാക്കി അതിന്റെ ഓരോ ഭാഗവും പരിചയപ്പെടുത്തി.ഇത് കുട്ടികൾക്ക് ഒരിക്കലും മറക്കാത്ത അനുഭവമായി. പഴയ കൃഷിരീതിയെ കുറിച്ചും അന്നത്തെ കൂലിയെ കുറിച്ചും ജോലിയുടെ കാഠിന്യത്തെ കുറിച്ചുമൊക്കെ കർഷകർ വാചാലരായി. സത്യത്തിൽ ഇതൊരറിവുത്സവമായി മാറുകയായിരുന്നു. ഉരലും, ഉലക്കയും,പെട്രോമാക്സും ,ബാറ്ററി ടോർച്ചും, കാടിപ്പലകയും.... ഒക്കെ കുട്ടികൾ പരിചയപ്പെട്ടു. ഇനി അശോകൻ മാഷിന് യാതൊരു പ്രയാസവുമില്ലാതെ കലപ്പയുടെ മാത്രമല്ല പ്രദർശിപ്പിച്ച ഏത് ഉപകരണത്തിന്റെയും ആത്മകഥയെഴുതിക്കാം. നാട്ടിലെ വിദ്യാലയത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് സ്വന്തം മക്കളെ ഈ നാടൻ വിദ്യാലയത്തിലയക്കാൻ ഓരോരുത്തർക്കും ചിന്തിക്കാൻ അവസരം നൽകിയാണ് ആ കൂട്ടായ്മ പിരിഞ്ഞത്.

















Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015