മത്സരിക്കാൻ അധ്യാപകരും രക്ഷിതാക്കളും, വിധികർത്താക്കളായി കുട്ടികളും


ചെറുവത്തൂർ: മത്സരിക്കാൻ തയ്യാറായി  കളത്തിലിറങ്ങിയപ്പോൾ, വിധികർത്താക്കൾ ആരാണെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല... വിസിൽ മുഴങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന 46 കുട്ടികളും, സഹപ്രവർത്തകരും, സ്നേഹിതരും കയ്യടിച്ചു... മത്സരാർഥികൾക്ക് ആവേശമായി.. കൈ വിരലുകൾ ദ്രുതഗതിയിൽ     ചലിച്ചു...

          സർവശിക്ഷ അഭിയാൻ കാസർഗോഡ്‌ ആവിഷ്കരിച്ച നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായി  ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൂളിയാട് ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച 'തൊഴിലറിവ് പാഠശാല' യാണ് പങ്കിളത്തത്തിലും വിധി നിർണയത്തിലും പുതുമകൾ നിറഞ്ഞ ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്. അധ്യപകരും  ബി.ആർ.സി.ട്രെയിനർമാരും  രക്ഷിതാക്കളും ഉൾപ്പെടെ 10 പേർ പങ്കെടുത്ത മത്സരം പൂർത്തിയായപ്പോഴാണ് ക്യാമ്പംഗങ്ങളായ കുട്ടികളാണ് വിധികർത്താക്കളെന്ന രഹസ്യം സംഘാടകർ പുറത്തുവിട്ടത്.ഇതിനായി വിജയികളെ കണ്ടെത്താനുള്ള വിലയിരുത്തൽ സൂചകങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തി.അമ്പൂഞ്ഞി, നാരായണൻ തുടങ്ങിയ പരിചയ സമ്പന്നരായ ആളുകൾ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.പൂർത്തിയാകാനെടുത്ത സമയം, പൂർണത, ഉപയോഗക്ഷമത, ഭംഗി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്  ഓരോ ഗ്രൂപ്പും മികച്ച ഉൽപ്പന്നം ഏതെന്ന് കണ്ടെത്തിയപ്പോൾ വിധി നിർണയത്തിൽ പിഴവില്ലെന്ന് അമ്പൂഞ്ഞിയേട്ടൻ സാക്ഷ്യപ്പെടുത്തി.കൂളിയാട് സ്കൂളിലെ അമ്മമാരായ സന്ധ്യ പട്ടോളി, ചന്ദ്രലേഖ ചെറുവപ്പാടി എന്നിവർക്കൊപ്പം ബി.ആർ.സി ട്രെയിനറായ പി.വി.ഉണ്ണി രാജനും ആദ്യ മൂന്നു സ്ഥാനത്തെത്തി മത്സര വിജയികളായി. തുടർന്ന്, മത്സരത്തിൽ പങ്കെടുത്തവർ പരിശീലകരായി മാറി. ക്യാമ്പിലെ മുഴുവൻ കുട്ടികളെയും ഇവർ ഓലമെടയാൻ പഠിപ്പിച്ചു.നാടൻ തൊഴിലുകളും നാട്ടുസംസ്കൃതികളും അന്യം നിന്നുപോകാൻ പുതു തലമുറ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഗുരുക്കൻമാരെ കടത്തിവെട്ടുന്നതായിരുന്നു ശിഷ്യരുടെ പ്രകടനം.. ഓരോരുത്തരും മെടഞ്ഞ  ഓല    ഒന്നിനൊന്ന്മെച്ചം.

       പിന്നീട് നടന്ന പാളത്തൊപ്പി നിർമാണ പരിശീലനവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. അമ്പൂഞ്ഞിയേട്ടനും, നാരായണേട്ടനും ആയിരുന്നു പരിശീലകർ .ഒടുവിൽ ക്യാമ്പിൽ വെച്ച് ഓരോരുത്തരും സ്വയം നിർമിച്ച കടലാസ് ബാഗുകളുമായാണ് കുട്ടികൾ 'പാഠശാല' വിട്ടത്. കൂളിയാട് ഗവ.യു.പി.സ്കൂൾ അധ്യാപകൻ എം.വി.വിജയൻ, പ്രവൃത്തി പഠന അധ്യാപികമാരായ മൃദുല, ഗിരിജ, സജ്ന, ഐ.ഇ.ഡി റിസോഴ്സ് ടീച്ചർ മുംതാസ്, ബി.ആർ.സി സ്റ്റാഫ് പ്രമോദ് മാടക്കാൽ എന്നിവർ പേപ്പർ ബാഗ് നിർമ്മാണത്തിന് നേതൃത്വം നൽകി.  എസ്.എസ്.എ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.. പി.കെ.ജയരാജ് കുട്ടികളുമായി സംവദിച്ചു.ചെറുവത്തൂർ ബി.പി.ഒ.  കെ.നാരായണൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ.വി.ലളിത അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.മദർ പി.ടി.എ പ്രസിഡണ്ട് അനിത.കെ. ആശംസയർപ്പിച്ച് സംസാരിച്ചു.എം.വി.വിജയൻ നന്ദി പറഞ്ഞു.
Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016