മൺമറയുന്ന തൊഴിലറിവുകൾ മുറുകെപ്പിടിക്കാൻ കുരുന്നുകൾ



കൈതയും ഈറ്റയും നാടുനീങ്ങുമ്പോഴും വിദൂര ദേശങ്ങളിൽ പോയി അവ ശേഖരിച്ച് നാടിന്റെ പഴയ തൊഴിൽ പാരമ്പര്യത്തെ നിലനിർത്താൻ പാടുപെടുന്ന പഴമക്കാരുടെ അനുഭവ വിവരണ വേദികൂടിയായി ഈ തൊഴില റിവ് പാഠശാല. ചന്തയിലെ വിലപേശലിനിരയായി അധ്വാനത്തിന്റെ വില കിട്ടാതെ ഈ പരമ്പരാഗത ഉൾപ്പന്നങ്ങൾ പ്രതിസന്ധിയുടെ വട്ടംകറങ്ങലിലാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. മുള്ളുകുത്തി ചോര പൊടിഞ്ഞ് അറുത്തെടുക്കുന്ന കൈതോലകൾ മൂന്നു ദിവസം വെയിലത്തുണക്കി, മഞ്ഞിൽ പതം വരുത്തി, മുള്ളുകൾ നീക്കി കരവിരുതോടെ മെടഞ്ഞെടുക്കാൻ ദിവസങ്ങൾ പലതെടുക്കുമെങ്കിലും പായയ്ക്ക് ലഭിക്കുന്നത് തുച്ഛമായ വില മാത്രം. പരിസ്ഥിതിയോടൊട്ടി നിൽക്കുന്നതും ശാരീരിക അസ്വസ്ഥതകളില്ലാത്തതുമായ കൈതപ്പായ കളുടെ സ്ഥാനം ഇന്ന് വില കുറഞ്ഞതും നിലവാരമില്ലാത്തതും പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമായ പ്ലാസ്റ്റിക് പായകൾ കൈയടക്കിക്കഴിഞ്ഞു.ഈറ്റക്കുട്ടകളുടെ കാര്യവും വിഭിന്നമല്ല. അന്യം നിന്നുപോകുന്ന പരമ്പരാഗത തൊഴിലറിവുകൾ തിരികെപ്പിടിക്കുന്നതിനും അവയുടെ സ്ഥാനം വളരെ ഉയർന്നതാണെന്ന് ബോധ്യപ്പെടുത്താനും ഇത്തരം തൊഴിലുകളുടെ മാഹാത്മ്യം ഊട്ടിയുറപ്പിക്കുന്നതിനുമാണ് പാഠശാല ഒരുക്കിയത്. 


         അധ്യാപകരും,രക്ഷിതാക്കളും, ബി.ആർ.സി.ട്രെയിനർമാരും ഉൾപ്പെടെ 10 പേർ പങ്കെടുത്ത ഓലമെടയൽ മത്സരം  രണ്ടാം ദിവസം പഠശാലയെ സജീവമാക്കി. ക്യാമ്പംഗങ്ങളായ കുട്ടികളായിരുന്നു വിധികർത്താക്കൾ. പഴയ തലമുറയിൽ പെട്ട അമ്പൂഞ്ഞിയേട്ടന്റെയും നാരായണേട്ടന്റെ യും സഹായത്തോടെ മെടഞ്ഞ ഓലയെ വിലയിരുത്താനുള്ള  സൂചകങ്ങൾ തയ്യാറാക്കിയായിരുന്നു കുട്ടികളുടെ വിധിനിർണ്ണയം. മെടയാനെടുത്ത സമയം, പൂർണ്ണത, ഉപയോഗക്ഷമത, ഭംഗി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ഓരോ ഗ്രൂപ്പും മാർക്ക് നൽകി വിജയികളെ തെരഞ്ഞെടുത്തപ്പോൾ വിധികർത്താക്കൾക്ക് തെറ്റുപറ്റിയില്ലെന്ന് ഓലകൾ പരിശോധിച്ച് അമ്പൂഞ്ഞിയേട്ടൻ സാക്ഷ്യപ്പെടുത്തി....കുഞ്ഞുകണ്ണുകളിൽ അഭിമാനത്തിളക്കം!
                  തുടർന്ന് മത്സരാർഥികൾ പരിശീലകരായി... വിധികർത്താക്കൾ പഠിതാക്കളുമായി.. ഇതു വരെ  തങ്ങൾക്ക് അന്യമായിരുന്ന ഒരു തൊഴിൽ- ഓലമെടയൽ - നിമിഷ നേരം കൊണ്ട് പുതു തലമുറ  സ്വായത്തമാക്കി... പാളത്തൊപ്പി നിർമ്മാണമായിരുന്നു അടുത്തയിനം. അമ്പൂഞ്ഞിയേട്ടനും നാരാണേട്ടനു മായിരുന്നു ഗുരുക്കൻമാർ....പാളത്തൊപ്പി തലയിലണിയാൻ കുട്ടികൾക്കൊപ്പം മാഷമ്മാർക്കും ഏറെ താല്പര്യം.
              ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലസ്റ്റിക്ക് സഞ്ചികൾ ഒഴിവാക്കാൻ മുഴുവൻ കുട്ടികളും തീരുമാനമെടുത്തു.. ബദലായി ഉപയോഗിക്കാവുന്ന കടലാസ് ബാഗുകളുടെ നിർമാണമായിരുന്നു  ഈ പാഠശാലയിൽ നിന്ന് കുട്ടികൾഅവസാനമായി അഭ്യസിച്ചത്.സ്വന്തമായി നിർമ്മിച്ച പേപ്പർ ബാഗുകളുമായി വീട്ടിലേക്ക് മടങ്ങുമ്പോൾ പഠിച്ച കാര്യങ്ങൾ കൂട്ടുകാർക്കും, വീട്ടുകാർക്കും, നാട്ടുകാർക്കും പകർന്നു നൽകാനും നിത്യജീവിതത്തിൽ പ്രയോഗികമാക്കാനുമുള്ള ആവേശത്തിലായിരുന്നു എല്ലാവരും .
           കൃഷ്ണൻ പാം പെരിങ്ങാര, ജാനകി ചാനടുക്കം ,ഷീബ എടക്കാനം, അമ്പൂഞ്ഞി, സി നാരായണൻ ചെറുവപ്പാടി എന്നിവർക്കൊപ്പം അധ്യാപകരായ എം.വി.വിജയൻ, മൃദുല ,ഗിരിജ, സജിന എന്നിവരാണ് പുതുതലമുറയ്ക്ക് തൊഴിലറിവുകൾ പകർന്നു നൽകിയത്.      
         കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ശകുന്തള പാഠശാല ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് കെ കരുണാകരൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത്  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി ഗീത കൈത്തൊഴിൽ പരിശീലകരെ ആദരിച്ചു. ഗ്രാമ പഞ്ചായത്തംഗം സുഭാഷ് അറുകര ഉണർത്തുപാട്ട് പാടി.
   സർവ്വശിക്ഷ അഭിയാൻ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ: പി.കെ.ജയരാജൻ പാഠശാലയിലെത്തി കുട്ടികളുമായി സംവദിച്ചു. ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ കെ.നാരായണൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു.,ബി.ആർ.സി ട്രെയിനർമാരായ പി.വി.ഉണ്ണി രാജൻ, പി.വേണുഗോപാലൻ, പി.കെ.സരോജിനി, എം.എസ്.ഇന്ദുലേഖ, സ്നേഹലത, മുംതാസ്, കൂളിയാട് സ്കൂൾ അധ്യാപകരായ കെ.ചന്ദ്രൻ ,എം.വി.വിജയൻ, ഗണേശൻ, പി.ടി.ഉഷ, പ്രഥമാധ്യാപിക കെ.വി.ലളിത, പി.ടി.എ പ്രസിഡണ്ട് കെ.കരുണാകരൻ  തുടങ്ങിയവർ തൊഴിലറിവ് പാഠശാലയെ സജീവമാക്കി.പായ മെടയലും കുട്ടനെയ്ത്തും പാളത്തൊപ്പി നിർമാണവും പരമ്പരാഗത അറിവുകളുടെ മേളനവുമായി തൊഴിലറിവ് പാഠശാല.... സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ കൂളിയാട് ഗവ. യു പി സ്കൂളിലാണ് രണ്ടുനാൾ നീണ്ട പാഠശാല സംഘടിപ്പിച്ചത്.          














Comments

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്