സ്വയം പഠിച്ചും ചെയ്തറിഞ്ഞും വിദ്യാർഥികൾ
സ്വയം പഠിച്ചും ചെയ്തറിഞ്ഞും ഗണിതം ബാലികേറാമലയല്ലെന്ന് തെളിയിച്ച് വിദ്യാർഥികൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പിലിക്കോട് ജി യു പി സ്കൂളിൽ സംഘടിപ്പിച്ച ഗണിതോത്സവമാണ് കണക്കിന്റെ കുരുക്കഴിച്ച് പഠനം മികവുറ്റ അനുഭവമായിത്തീർന്നത്. കുട്ടികളിൽ ഗണിതാവബോധം വളർത്താനും വിവിധങ്ങളായ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെട്ട് ഗണിതപഠനം കൂടുതൽ ആസ്വാദ്യകരമാക്കാനുമാണ് ഗണി തോൽസവം ഒരുക്കിയത്.
സ്‌കൂളിലെസ്റ്റേജിലും ചുറ്റുമതിലിലും ചുമരുകളിലും ക്ലാസ് മുറികളിലും ഗണിത ചിന്തയെ ഉദ്ദീപിപ്പിക്കുന്ന വർണചിത്രങ്ങളും കളങ്ങളും വരച്ചുവെച്ച് വിദ്യാലയത്തെ രണ്ടുനാൾ മുമ്പുതന്നെ ഉത്സവ വേദിയാക്കിത്തീർത്തിരുന്നു. ചിത്രകലാധ്യാപകരായ സാജൻ ബിരിക്കുളവും ശ്യാമപ്രസാദുമായിരുന്നു വർണങ്ങളിലൂടെയും വരകളിലൂടെയും ഉത്സവത്തിമിർപ്പ് സൃഷ്ടിച്ചത്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന ലക്ഷ്യമുയർത്തി സംഘടിപ്പിക്കുന്ന ബി ആർ സി തലത്തിലുള്ള രണ്ടുനാൾ നീണ്ട പരിപാടിയിൽ ഉപജില്ലയിലെ യു പി വിഭാഗത്തിലുള്ള 40 ഗണിതാധ്യാപകരും 10 സ് പെഷ്യലിസ്റ്റ് അധ്യാപകരും ആതിഥേയ വിദ്യാലയത്തിലെ കുട്ടികളുമാണ് പങ്കെടുക്കുന്നത്.പി വി ഉണ്ണി രാജൻ, അശോകൻ മടയമ്പത്ത്, സി വി ഗോവിന്ദൻ ,സി സുരേശൻ, സി എച്ച് സന്തോഷ് എന്നിവരാണ് പരിശീലകർ. ഉപ ജില്ലയിലെ 32 യു പി വിദ്യാലയങ്ങളിലും ഗണിതോത്സവം ,ശാസ് ത്രോത്സവം എന്നിവ ഇതിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്നതാണ്. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് പി സുധാകരൻ അധ്യക്ഷനായിരുന്നു.ബി പി ഒ കെ നാരായണൻ, കെ പ്രീതി, കെ കെ ഗീതാ രത്നം, പി വി ഉണ്ണി രാജൻ, മുരളീകൃഷ്ണ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ ടി വി രവീന്ദ്രൻസ്വാഗതവും കെ വി ആദിത്യൻ നന്ദിയും പറഞ്ഞു.വ്യാഴാഴ്ച സമാപിക്കും.
Comments
Post a Comment