ബി. ആര്‍.സി ചെറുവത്തൂര്‍ അക്കാദെമിക് ഫെസറ്റ് 31.03.2018
മികവുറ്റ അക്കാദമിക
പ്രവർത്തനങ്ങളുടെ അവതരണവും വിജയാനുഭവങ്ങളുടെ പങ്കുവയ്പും കൊണ്ട്
ശ്രദ്ധേയമായി അക്കാദമിക് ഫെസ്റ്റ് .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി
യുടെ ആഭിമുഖ്യത്തിലാണ് മികവനുഭവങ്ങളുടെ ഉപജില്ലാതല അവതരണ
വേദിയൊരുക്കിയത്.സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ മികവിന്റെ
നേർസാക്ഷ്യങ്ങളെ പരിചയപ്പെടുത്തിയും അവ സമൂഹത്തിലും കുട്ടികളിലും ചെലുത്തിയ
സ്വാധീനം വിവരിക്കുന്നതിനും ചേർന്ന കൂട്ടായ്മ വിദ്യാഭ്യാസ മികവിലേക്ക്
നടന്നടുക്കാനുള്ള ശ്രദ്ധേയ ചുവടുവയ്പായി.ബി ആർ സി യുടെ നേതൃത്വത്തിൽ
നടത്തിയ തനതു പ്രവർത്തനങ്ങളുടെയും ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ
പ്രവർത്തനങ്ങളുടെയും മുന്നൂറോളം പാനലുകൾ ഉൾപ്പെട്ട പ്രദർശനം പൊതു
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കനത്ത വിളവെടുപ്പായി മാറി.
സ്വാതന്ത്ര്യ സമര ചരിത്രാന്വേഷണ യാത്ര, പുതുമകളോടെ
പുതുവർഷത്തിലേക്ക്, അമ്മ വായന കുഞ്ഞു വായന, പഠന പരി പോഷണ പരിപാടി, സാഹിത്യ
സല്ലാപം അന്താരാഷ്ട്ര കടുവാ ദിന സെമിനാർ തുടങ്ങിയ തനതു പരിപാടികളാണ് ബി ആർ
സിക്കു വേണ്ടി ബി പി ഒ കെ നാരായണൻ അവതരിപ്പിച്ചത്. ചന്തേര ഐ ഐ എ എൽ പി
സ്കൂൾ, ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ, കൂളിയാട് ഗവ.ഹൈസ്കൂൾ, ആലന്തട്ട എ യു
പി സ്കൂൾ എന്നിവയുടെ മികവ് അവതരണവും നടന്നു. ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഫൈനലിസ്റ്റുകളായ ചന്തേര ഐ ഐ എ എൽ പി സ്കൂൾ, ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ,
ഉദിനൂർ സെൻട്രൽ എ യു പി സ്കൂൾ, ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവയെ
ചടങ്ങിൽ അനുമോദിച്ചു. എസ് എസ് എ സംസ്ഥാന കൺസൾട്ടന്റ് ടി പി കലാധരൻ ഉപഹാരം
സമ്മാനിച്ചു.
നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡൻറ് വി പി ജാനകി അക്കാദമിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.ഉപജില്ലാ
വിദ്യാഭ്യാസ ഓഫീസർ ടി എം സദാനന്ദൻ അധ്യക്ഷനായിരുന്നു. വിത മുതൽ വിള വരെ
പാനൽ പ്രദർശനം എസ് എസ് എ ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ ഉദ്ഘാടനം
ചെയ്തു.പൊതു വിദ്യാലയങ്ങൾ മികവിന്റെ പാതയിൽ അനുഭവസാക്ഷ്യം എസ് എസ് എ
സംസ്ഥാന കൺസൾട്ടന്റ് ഡോ. ടി പി കലാധരൻ അവതരിപ്പിച്ചു. മികവനുഭവങ്ങളെ
വിലയിരുത്തി അദ്ദേഹം സംസാരിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും
ഇടപെടലിലൂടെയും അവധിക്കാല പ്രവർത്തനാവതരണത്തിലൂടെയും ഓപ്പൺ ഫോറം
സമ്പന്നമായി. ചന്തേര ഐ ഐ എൽ പി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച
ഹരിതവിദ്യാലയം റിയാലിറ്റി ഷോ ശീർഷകഗാനത്തിന്റെ രംഗാവിഷ്കാരം, ബി ആർ സി
സ്പെഷലിസ്റ്റ് അധ്യാപികമാരുടെ ഗാനസദസ്സ് എന്നിവയും അരങ്ങേറി. പരിശീലകരായ പി
വി ഉണ്ണിരാജൻ സ്വാഗതവും പി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Comments
Post a Comment