കൂലേരി സ്കൂളിൽ കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ ഒന്നാം ക്ലാസ്സിലെ പഠന പ്രവർത്തനങ്ങൾ നേരിൽ കണ്ടറിയുന്നതിനായി കുഞ്ഞുങ്ങൾക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സിൽ. തൃക്കരിപ്പൂർ കൂലേരി ഗവ: എൽ.പി.സ്കൂളിൽ ചെറുവത്തൂർ ബി.ആർ.സിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച വേറിട്ട രീതിയിലുള്ള ക്ലാസ്സ് പി.ടി.എ യോഗത്തിലേക്കാണ് രക്ഷിതാക്കൾ ഏറെ താല്പര്യത്തോടെ എത്തിയത്.ബി.ആർ.സി ട്രെയിനർ പി.വി.ഉണ്ണി രാജൻ ഓരോ കുട്ടിയോടും അവരവരുടെ  കുപ്പായത്തിന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ക്ലാസ്സ് ആരംഭിച്ചപ്പോൾ അവർ വാചാലരായി. സ്മാർട്ട് ക്ലാസ്സ് മുറിയിലെ സ്ക്രീനിൽ തെളിഞ്ഞ കാക്കയുടെ കുപ്പായത്തെക്കുറിച്ചുള്ള  ചോദ്യത്തിനുത്തരമായി കുട്ടികൾ പറഞ്ഞ കാര്യങ്ങൾ ചേർത്ത്''കാക്കയ്ക്കുണ്ടൊരു കുപ്പായം..കറുത്ത കുപ്പായം '' എന്ന രണ്ടു വരി പാട്ട് മാഷ് പാടിയപ്പോൾ കുട്ടികൾ അത്യുത്സാഹത്തോടെ ഏറ്റു പാടി.തുടർന്ന് കാണിച്ച തത്തയെ കുറിച്ചും ,കൊക്കിനെക്കുറിച്ചും കുട്ടികൾ സ്വന്തമായി വരികൾ കൂട്ടിച്ചേർത്ത് പാടി 'തത്തയ്ക്കുണ്ടൊരു കുപ്പായം..പച്ചക്കുപ്പായം കൊക്കിനുണ്ടൊരു കുപ്പായം...വെള്ളക്കുപ്പായം."ഒടുവിൽ പുള്ളിക്കുപ്പായമിട്ട കൊച്ചു പെൺകുട്ടിയെക്കുറിച്ചും അവർ വരികളുണ്ടാക്കി."ദേവുവിനുണ്ടൊരു കുപ്പായം.... പുള്ളിക്കുപ്പായം "കുട്ടികൾ പറയുന്നതിനുസരിച്ച് ഒന്നാം തരത്തിലെ വിനീത ടീച്ചർ ഈ വരികൾ ചാർട്ടിലെഴുതി.. തുടർന്ന് സ്വയം ഈണം കണ്ടെത്തി എല്ലാരും ചേർന്ന് താളമിട്ട് പാടുന്നതു കണ്ടപ്പോൾ കുട്ടികളുടെ കഴിവിലും പുതിയ പഠന രീതിയിലും രക്ഷിതാക്കൾക്ക് മതിപ്പ്. ആശയാവതരണ രീതിയിൽ വാക്യങ്ങളിൽ നിന്ന് വാക്കുകളിലേക്കും വാക്കുകളിൽ നിന്ന് അക്ഷരങ്ങളിലേക്കും കുട്ടികളെ നയിക്കുന്ന പുതിയ ഭാഷാ പഠന രീതിക്കുറിച്ച് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ വിശദീകരിച്ചപ്പോൾ അവർക്ക് പൂർണ്ണ സംതൃപ്തി. പിന്നീട് നൽകിയ ചിത്രങ്ങൾക്ക് നിറം നൽകുന്ന പ്രവർത്തനത്തിലും കുട്ടിക ൾ മികവ് പുലർത്തി. ചെറുവത്തൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ എം.കെ.വിജയകുമാർ ക്ലാസ്സ് പി.ടി.എ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ എം.പി.രാഘവൻ അധ്യക്ഷത വഹിച്ചു.ബി.ആർ.സി ട്രെയിനർമാരായ പി.വേണുഗോപാലൻ, പി.കെ. സരോജിനി, പി.ടി.എ പ്രസിഡണ്ട് വി.എം.ബാബുരാജ് എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ 33 കുട്ടികളിൽ 28 പേരുടെ രക്ഷിതാക്കളും രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന മാതൃകാ ക്ലാസ്സിലും, ക്ലാസ്സ് പി.ടി.എ യോഗത്തിലും പൂർണ്ണ സമയപങ്കാളികളായി.


Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016