നേഹയോടൊപ്പ൦ ശിശുദിനത്തിൽ

ശിശുദിനമായ ഇന്നലെ ആറാം തരത്തിലെ നേഹയുടെ വീട്ടിലായിരുന്നു ഉച്ചയ്ക്ക് ശേഷം.

എല്ലിനെ ബാധിച്ച രോഗം കാരണം നടക്കാനോ കൂടുതൽ സമയം ഇരിക്കാനോ കഴിയാതെ വീട്ടിൽ കിടക്കയിൽത്തന്നെ കിടക്കേണ്ടി വരുന്ന അവളുടെ അടുത്തേക്ക് സഹപാഠികളോടൊപ്പം അധ്യാപകരും വിദ്യാഭ്യാസ ഓഫീസറുമടക്കം ചെന്നപ്പോൾ സന്തോഷപൂർവം വരവേൽക്കുകയായിരുന്നു നേഹ.

വീട്ടകം വിദ്യാലയമാകുന്ന നിമിഷങ്ങളായിരുന്നു പിന്നീട്.

കേരളപാഠാവലിയിലെ കുഴലൂത്തുകാരന്റെ പാഠം ദീപ ടീച്ചർ അവതരിപ്പിച്ചു.
ക്ലാസ്സിലെ മറ്റു കുട്ടികളോടൊപ്പം നേഹയും ചർച്ചയിൽ പങ്കെടുക്കുകയും പാഠത്തെ അധികരിച്ച് അവളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തപ്പോൾ ചെറുവത്തൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. വിജയകുമാർ സാറടക്കം എല്ലാവരും സശ്രദ്ധം അവളെ അനുമോദിക്കുകയായിരുന്നു.
പി.ടി.എ.പ്രസിഡണ്ട് ടി.എം.സലാമും പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു.

തുടർന്ന്,
കലാപഠനത്തിലെ പ0ന നേട്ടത്തെ മുൻനിർത്തി, മരക്കുറ്റിയിലിരുന്ന് കരയുന്ന പക്ഷിയുടെ ചിത്രം വരച്ചുകാണിച്ചപ്പോൾ, ആദ്യം കുട്ടികളിൽ പരിപൂർണ നിശബ്ദത.

കരയാനുണ്ടായ സാഹചര്യത്തെ അവർ പറയാൻ തുടങ്ങുമ്പോൾ, നേഹ പാടാൻ തുടങ്ങുകയായിരുന്നു, സുഗതകുമാരി ടീച്ചറുടെ ആ കവിത: ഒരു പാട്ടു പിന്നെയും....''

എല്ലാ വാത്സല്യങ്ങളും പകർന്നു നല്കി അവളുടെ ചിന്തകളെ തലഭാഗത്തിരുന്ന് തട്ടിയുണർത്താൻ ബി.ആർ.സി.ട്രെയിനർ പ്രസീത ടീച്ചറും ഉണ്ടായിരുന്നു.

തീർന്നില്ല,
അങ്ങനെയെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള നന്മനിറഞ്ഞ ഒരു മരത്തെ വരയ്ക്കാൻ നിർദ്ദേശിച്ചപ്പോൾ, നേഹയുടെ അമ്മ കൊടുത്ത കടലാസിൽ,  എല്ലാവരും വരയ്ക്കുകയും കാണിക്കുകയും ചെയ്തു.
ബി.ആർ.സി.ട്രെയിനറായ വേണുഗോപാലൻ മാഷുടെ സ്നേഹവും സാന്ത്വനവും നിമിത്തം നേഹയും വരയുടെ ലോകത്തെ കീഴടക്കുന്നതായി കണ്ടു.

മനുഷ്യന്റെ ചെയ്തികളിൽ കണ്ണീർ തൂകുന്ന ജീവജാലങ്ങളുടെയും ലോകാനുഭവങ്ങളുടെയും കാര്യങ്ങൾ ചർച്ച ചെയ്ത് അവസാനം ഇതിനെതിരെ വിദ്യാർത്ഥികളായ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയുമെന്ന ചോദ്യത്തി,നു മുമ്പിൽ അല്പസമയം മൗനരായിരുന്നു.

പ്രധാനാധ്യാപിക ഇ.ഉഷ ടീച്ചറുടെ സന്ദർഭോചിത ഇടപെടലുംകൂടിയായതോടെ കുട്ടികൾ പറയാൻ തുടങ്ങി.

..പ്രതികരിക്കൽ,
പോസ്റ്റർ ബോധവൽക്കരണം,
പ്രസംഗം,....

ഇതിനിടയിൽ നേഹ പറഞ്ഞത് തെരുവുനാടകത്തെക്കുറിച്ചാണ്.

ചർച്ചയിലെപ്പോഴോ കടന്നുവന്നൂ, 'പാവനാടകം ' ...

ഇതാ, നമുക്ക് കണ്ടു നോക്കാം.

അങ്ങനെ,
അവളുടെ വീട്ടകത്ത്
'മരം ഒരു വരം' എന്ന പാവനാടകം അവതരിപ്പിച്ചത് നവ്യാനുഭവമായി മാറി.

അമ്മയും അച്ചാച്ചനും അമ്മമ്മയും വിളമ്പിത്തന്ന പലഹാരങ്ങളും ചായയും കഴിച്ചാണ് സഹപാഠികൾ മുറിവിട്ടിറങ്ങിയത്.

...തിരിച്ചിറങ്ങുമ്പോൾ നേഹയുടെ മുഖത്ത് വിടർന്ന സന്തോഷവും മനസ്സിൽ പകർന്നാടിയ അനുഭൂതികളും ചിന്തയിൽ പൂത്ത പൂമരങ്ങളും
പുതിയ പ്രതീക്ഷയുടെ പുലരിവെട്ടങ്ങൾ തീർക്കുന്നു, ആരിലും...

അക്ഷരാർത്ഥത്തിൽ
ഈ ദിനം സാർത്ഥകമാക്കാൻ സഹായിച്ച ഏവർക്കും നന്ദി.

Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016