വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ

 ക്ലാസ് മുറികളിൽ നിന്നും നേടിയ ശാസ്ത്രീയമായ അറിവുകൾ നിത്യജീവിതത്തിൽ പ്രയോഗിക്കാനുള്ള അനുഭവങ്ങളുടെയും അറിവുകളുടെയും പൂത്തിരി കത്തിക്കാൻ ശാസ്ത്ര പാർക്കുകൾ.സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 70 വിദ്യാലയങ്ങളിൽ ശാസ്ത്ര പാർക്കുകൾ ഒരുക്കാനുള്ള രണ്ടുനാൾ നീളുന്ന നിർമാണ ശില്പശാലയ്ക്ക് ചെറുവത്തൂർ ഉപജില്ലയിലെ നാലിലാംകണ്ടം ജിയുപി സ്കൂളിൽ ഗംഭീര തുടക്കം.       സ്കൂളുകളിലെ ശാസ്ത്ര പഠനം കേവലം അറിവ് നേടാൻ മാത്രമുള്ളതല്ലെന്നും ഈ അറിവിനെ നിത്യജീവിതത്തിൽ കണ്ടു പഠിക്കുമ്പോൾ അൽഭുതം കൂറുന്നതോടൊപ്പം,  തന്റേതായ നിലയിൽ പുതിയ അവസ്ഥയിൽ പ്രയോഗിക്കാനും പര്യാപ്തമാക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .പഠിച്ച ശാസ്ത്രീയ തത്ത്വങ്ങൾ പ്രയോഗിക്കാനുള്ള അവസരം ഇന്ന് വിദ്യാലയങ്ങളിൽ ലഭിക്കുന്നത് ശാസ്ത്രമേളകളിൽ പങ്കെടുക്കുന്ന വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായ അവസരതുല്യത വിദ്യാർഥികൾക്ക് ഉറപ്പു വരുത്തുന്നതാണ് ശാസ്ത്ര പാർക്കുകൾ. ലബോറട്ടറികൾ ക്ലാസ് മുറികളിലെ പഠനത്തെ സഹായിക്കുകയാണ് ചെയ്യുന്നതെങ്കിൽ നേടിയ പഠനത്തിനുമപ്പുറത്തേക്ക് കടക്കുന്നതാണ് ശാസ്ത്ര പാർക്കുകൾ .സ്റ്റാപ്പ് ള ർ   മുതൽ ചാന്ദ്രയാൻ വരെയുള്ള ഏതിന്റെയും പിറകിൽ ഒട്ടേറെ ശാസ്ത്ര തത്ത്വങ്ങളും പ്രയോഗങ്ങളുമുണ്ടെന്ന തിരിച്ചറിവും കുട്ടികളിലേക്ക് പകരുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. വിദ്യാർഥികളിലും വിദ്യാലയങ്ങളിലും ഇത്തരമൊരു അന്വേഷണതലം രൂപപ്പെടാനും പാർക്ക് കുട്ടികളുടെ കൂടി കണ്ടു പിടിത്തങ്ങൾ പ്രദർശിപ്പിക്കാനുള്ള വേദിയായും മാറും. നാല് ഗ്രൂപ്പുകളിലായാണ് ശില്പശാല പുരോഗമിക്കുന്നത്.പ്രകാശവുമായി ബന്ധപ്പെട്ട എഡിസൺ ഗ്രൂപ്പിൽ കാലിഡോസ്കോപ്പ് 4ജി, 3ജി, മൾട്ടിപ്പിൾ റിഫ്ലക്ഷൻ, സിലിണ്ടറിക്കൽ മിറർ കപ്പിൾഡ് മിറർ, റേ ബോക്സ്, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഐൻസ്റ്റീൻ ഗ്രൂപ്പിൽ സമാന്തര ഭൂമി, സീസൺസ്, ഉദയാസ്തമയം, ഡി മോഡൽ, ചലനവുമായി ബന്ധപ്പെട്ട ന്യൂട്ടൺഗ്രൂപ്പിൽ ന്യൂട്ടൺസ് ക്രാഡിൽ, പെൻഡുലം ചെയിൻ, ഡബിൾ പെൻഡുലം, പൽച്ചക്രം, ഡബിൾ കോൺ, മർദവുമായി ബന്ധപ്പെട്ട ബർണോളി ഗ്രൂപ്പിൽബർണോളിസ് സ്പ്രിംഗ്ളർ, ഡബിൾ ഫണൽ മാനോമീറ്റർ, മാജിക് വാട്ടർ ഫ്ലോ എന്നീ ഉപകരണങ്ങൾ നിർമിക്കപ്പെടുന്നവയിൽ ചിലതാണ്.
      ഈ അധ്യയന വർഷത്തിൽ സമഗ്ര ശിക്ഷ 70 പാർക്കുകളും കൂടി അനുവദിക്കാനുള്ള നീക്കത്തിലാണ്.അതോടെ ജില്ലയിൽ 2019 മാർച്ചോടെ 140 ശാസ്ത്ര പാർക്കുകൾ യാഥാർത്ഥ്യമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളിലേക്ക് ശാസ്ത്ര പാർക്കുകൾ കടന്നു വരികയാണെങ്കിൽ ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ സമ്പൂർണ ശാസ്ത്ര പാർക്ക് ജില്ലയായി കാസർകോട് മാറും.ഓരോ വിദ്യാലയത്തിനും 30,000 രൂപ വീതമാണ് സമഗ്ര ശിക്ഷ അനുവദിച്ചിട്ടുള്ളത്.
     ശില്പശാലയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി സി സുബൈദ നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ കെ ഗീത അധ്യക്ഷയായിരുന്നു. സമഗ്ര ശിക്ഷ സംസ്ഥാന കൺസൾട്ടന്റ് ഡോ. പി കെ ജയരാജ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രോജക്ട് ഓഫീസർ പി പി വേണുഗോപാലൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ യു സുമിത്ര, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ വി ശ്രീജ, മദർ പി ടി എ പ്രസിഡന്റ് കെ ജയപ്രഭ, ചെറുവത്തൂർ ബിപിഒ  പി വി ഉണ്ണിരാജൻ, പി ടി എ പ്രസിഡന്റ് എം വി സന്തോഷ് എന്നിവർ സംസാരിച്ചു. ജില്ലയിലെ 7 ഉപജില്ലകളിൽ നിന്നായി 70 ശാസ്ത്രാധ്യാപകർ പങ്കെടുക്കുന്ന ശില്പശാല ബുധനാഴ്ച സമാപിക്കും. ശില്പശാലയുടെ ഭാഗമായി രൂപപ്പെട്ട ശാസ്ത്ര പാർക്ക്  നാലിലാംകണ്ടം ജിയുപി സ്കൂളിന് പി കരുണാകരൻ എം പി സമർപ്പിക്കും.
Comments

Popular posts from this blog

GANITHA VIJAYAM @ GLPS KAYYUR

പരിസ്ഥിതിദിന ക്വിസ്-2016