മൈക്രോ ഗ്രീൻസ് കൃഷിരീതിയുമായി കൂലേരി ജി എൽ പി സ്കൂളിലെ കുരുന്നുകൾ

മൈക്രോ ഗ്രീൻസ് കൃഷിരീതിയുമായി കൂലേരി ജി എൽ പി സ്കൂളിലെ കുരുന്നുകൾ .ഇലക്കറികൾ വീടുകളിലെ തീൻമേശകളിൽ നിന്ന് അപ്രത്യക്ഷമാകുമ്പോൾ ഇലക്കറികൃഷിയെ വീട്ടുമുറ്റത്തേക്ക് കൊണ്ടുവരാനുള്ള നവീന കൃഷിരീതിയുമായാണ് ഇവർ രംഗത്തുവന്നത്. സ്കൂളിൽ നടന്ന ഇലക്കറി വിളവെടുപ്പിന് ശേഷം ഇവ ഉച്ചക്കഞ്ഞിക്കുള്ള രുചികരമായ തോരനായി വിളമ്പി. ഇനി മുതൽ ഈ വിദ്യാലയത്തിലെ ഓരോ കുട്ടിയുടെ വീട്ടിലും മൈക്രോ ഗ്രീൻസ് പദ്ധതിയിൽ ഇലക്കറി കൃഷി ആരംഭിക്കാനും തീരുമാനമായി.
      എന്നും ഒരു ഇലക്കറിയെ ശീലമാക്കി മാറ്റുന്ന മൈക്രോ ഗ്രീൻസിനായിചട്ടികളിലും ട്രേകളിലും ധാന്യങ്ങൾ ,കടുക്, ജീരകം, കടല, മത്തൻ, ചീര, ഉലുവ, മല്ലി പയറുവർഗങ്ങൾ എന്നിവയുടെ വിത്ത് വിതറിയാണ് കൃഷി തുടങ്ങുന്നത്.ചട്ടിയിൽ ചകിരിച്ചോർ നിറച്ച് അതിൽ അകലം തീരെ പാലിക്കാതെയാണ് വെള്ളത്തിൽ കുതിർത്ത വിത്ത് വിതറുന്നത്.പ്രത്യേകിച്ച് ഒരു വളവും നൽകാതെ മുളച്ചുപൊങ്ങുന്ന ഒരാഴ്ചയോ ഒന്നര ആഴ്ചയോ പ്രായമെത്തിയ തൈകൾ കത്രിക കൊണ്ട് മുറിച്ചെടുത്താണ് വിവിധ തരം കറികൾക്കായി ഉപയോഗിക്കുന്നത്. തളിരിലയും തണ്ടുമാണ് ഭക്ഷണത്തിനായി ഉപയോഗപ്പെടുത്തുക. മറ്റ് ഇലക്കറികളെക്കാൾ പത്തിരട്ടി പോഷകമൂല്യമുള്ളതാണിവ. ഏഴെട്ടു തവണയെങ്കിലും ചകിരിച്ചോറിനെ വളർത്താനുള്ള മാധ്യമമാക്കാമെന്നത് മറ്റൊരു സവിശേഷതയാണ്.വിദേശത്തും മറ്റും പ്രചുരപ്രചാരം നേടിയ മൈക്രോ ഗ്രീൻസ് കൃഷിരീതിക്കാവശ്യമായ ചെടിച്ചട്ടികൾ സംഭാവന ചെയ്ത് ആശയം കൈമാറിയത് പ്രീ പ്രൈമറി ക്ലാസിലെ
രസ്വന്തിന്റെ അമ്മയായ ഒ രമ്യയായിരുന്നു .
        സ്കൂളിൽ സംഘടിപ്പിച്ച കാവ്യസല്ലാപവും മൈക്രോ ഗ്രീൻസ് വിളവെടുപ്പും പ്രശസ്ത കവി പത്മനാഭൻ നാലപ്പാടം ഉദ്ഘാടനം ചെയ്തു.പി ലത അധ്യക്ഷയായിരുന്നു. പ്രഥമാധ്യാപകൻ എം പി രാഘവൻ, ബി ആർ സി പരിശീലകൻ പി വേണുഗോപാലൻ, കെ ബാലകൃഷ്ണൻ, കെ സ്വർണലത ,എം വിനീത, കെ വി ആശ എന്നിവർ സംസാരിച്ചു.




Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015