ജുലൈ-31....വരാഹമിഹിരന്‍ ദിനം

വരാഹമിഹിരന്‍
ഭാരതത്തിലെ ഗണിത-ജ്യോതിശാസ്ത്ര പണ്ഡിതരില്‍ പ്രമുഖ സ്ഥാനമാണ് വരാഹമിഹിരനുള്ളത്. പാണിനിക്ക് വ്യാകരണത്തിലും, കൗടില്യന് അര്‍ത്ഥശാസ്ത്രത്തിലും മനുവിന് നീതിശാസ്ത്രത്തിലുമുള്ള സ്ഥാനമാണ് വരാഹമിഹിരന് ജ്യോതിശാസ്ത്രത്തിലുള്ളത്. വിക്രമാദിത്യന്റെ നവരത്നങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന വരാഹമിഹിരന്‍ എഡി 499-ല്‍ ഉജ്ജയിനിക്കടുത്ത അവന്തി എന്ന ഗ്രാമത്തില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെക്കുറച്ച് വസ്തുതകളേ നമുക്ക് ലഭിച്ചിട്ടുള്ളൂ. "ബ്രഹത്ജ്ജാതകം" എന്ന തന്റെ ഗ്രന്ഥത്തില്‍ നിന്നുള്ള വിവരങ്ങളാണ് ആധികാരികമായിട്ടുള്ളത്. ആദിത്യദാസന്‍ എന്നാണ് പിതാവിന്റെ പേരെന്നും കപിഷ്ഠല ഗോത്രത്തിലാണ് ജനിച്ചതെന്നും അവന്തിയാണ് സ്വദേശമെന്നും പിതാവില്‍ നിന്നാണ് വിദ്യ അഭ്യസിച്ചതെന്നും വരാഹമിഹിരന്‍ രേഖപ്പെടുത്തിക്കാണുന്നു. അക്കാലത്തെ പ്രശസ്ത ജ്യോതിശാസ്ത്ര പണ്ഡിതന്‍ ആര്യഭടനെ കുസുമപുരത്ത് വെച്ച് വരാഹമിഹിരന്‍ സന്ദര്‍ശിക്കുകയുണ്ടായി. ആര്യഭടന്‍ വരാഹമിഹിരനെ വളരെ അധികം സ്വാധീനിച്ചു. ജ്യോതിശാസ്ത്രത്തിലും ഗണിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനം നല്‍കിയത് ആര്യഭടനായിരുന്നത്രെ. വരാഹമിഹിരന്റെ കാലത്ത് ഉജ്ജയിനി ഭാരതത്തിലെ പ്രധാന പഠന കേന്ദ്രമായി മാറി. വിവിധ ദേശങ്ങളില്‍നിന്ന് വിദ്യാര്‍ഥികള്‍ അവിടെയെത്തി. വരാഹമിഹിരന്റെ വൈഭവം മനസ്സിലാക്കിയാണ് വിക്രമാദിത്യന്‍ തന്റെ കൊട്ടാരത്തിലെ നവരത്നങ്ങളില്‍ ഒരാളായി അദ്ദേഹത്തെ നിയമിച്ചത്. വരാഹമിഹിരന്‍ അറിവ് തേടി ഗ്രീസുവരെ യാത്രചെയ്തിരുന്നത്രെ. ഭൂമിക്ക് ഗോളാകൃതിയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഭൂമിയുടെ ആകര്‍ഷണ ശക്തിയെപ്പറ്റി അദ്ദേഹത്തിന് അറിയാമായിരുന്നു. പക്ഷെ ഭൂമി സ്ഥിരമായി നില്‍ക്കുകയാണെന്നാണ് അദ്ദേഹം വിശ്വസിച്ചത്. പഞ്ചസിദ്ധാന്തിക, ബ്രഹദ്ജ്ജാതകം ബ്രഹദ്സംഹിത എന്നിവയാണ് അദ്ദേഹത്തിന്റെ മുഖ്യകൃതികള്‍. കൂടാതെ മറ്റ് നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതായി വിശ്വസിക്കപ്പെടുന്നുവെങ്കിലും ഗ്രന്ഥങ്ങള്‍ കണ്ടുകിട്ടിയിട്ടില്ല. പഞ്ചസിദ്ധാന്തികയില്‍ പേര് സൂചിപ്പിക്കുന്നതുപോലെ അഞ്ചുസിദ്ധാന്തങ്ങളെപ്പറ്റിയാണ് വിശദീകരിക്കുന്നത്. ബ്രഹദ്സംഹിതയില്‍ നൂറിലധികം അധ്യായങ്ങളിലായി നാലായിരം ശ്ലോകങ്ങളുണ്ട്. ഇതില്‍ ജ്യോതിശാസ്ത്രം, ജ്യോതിഷം, വൃക്ഷായുര്‍വേദം, കൃഷിശാസ്ത്രം തുടങ്ങിയ നിരവധി വിജ്ഞാന ശാഖകളെപ്പറ്റി വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളില്‍ ഒരു കാവ്യാത്മകത ദര്‍ശിക്കാം. ജ്യോതിശാസ്ത്രം ഒരു മഹാസമുദ്രം പോലെയാണ്. ഈ സമുദ്രം കടക്കുക എളുപ്പമല്ല. തന്റെ കൃതികള്‍ ഒരു ബോട്ടുപോലെ സമുദ്രം കടക്കാന്‍ സഹായിക്കും എന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ജ്യോതിഷ വിഷയത്തില്‍ ഭാരതത്തില്‍ രചിക്കപ്പെട്ട ഏറ്റവും പ്രമുഖ ഗ്രന്ഥങ്ങളിലൊന്നാണ് വരാഹമിഹിരന്റെ "ബ്രഹദ്ജ്ജാതകം". ജ്യോതിഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധികാരിക ഗ്രന്ഥം ഇന്നും "ബ്രഹദ്ജ്ജാതകം" തന്നെ. വരാഹമിഹിരന്റെ ഗ്രന്ഥങ്ങള്‍ക്ക് ധാരാളം വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. 587-ല്‍ അദ്ദേഹം അന്തരിച്ചു.

Comments

Post a Comment

Popular posts from this blog

രാമായണം ക്വിസ് 2015

രാമായണം ക്വിസ്