സ്വാതന്ത്ര്യത്തിന്റെ കേരളയാത്ര
സ്വാതന്ത്ര്യത്തിന്റെ കേരളയാത്ര
- 1498 വാസ്കോ ഡ ഗാമ കോഴിക്കോട്ട്.
- 1510 ഗോവയും മറ്റു ചില പ്രദേശങ്ങളും പോര്‍ചുഗീസുകാരുടെ അധീനതയില്‍.
- 1600 കുഞ്ഞാലി മരക്കാര്‍മാരുടെ ചെറുത്തുനില്‍പുകള്‍, കുഞ്ഞാലി മരക്കാര്‍ നാലാമനെ പോര്‍ചുഗീസുകാര്‍ വധിച്ചു.
- 1697 ഇംഗ്ളീഷുകാര്‍ക്കെതിരെ ആറ്റിങ്ങല്‍ കലാപം.
- 1704 തലശ്ശേരിയില്‍ ഇംഗ്ളീഷുകാര്‍ക്കുനേരെ നാട്ടുകാരുടെ ആക്രമണം.
- 1721 ആറ്റിങ്ങല്‍, അഞ്ചുതെങ്ങ് പോരാട്ടങ്ങള്‍, 29 ഇംഗ്ളീഷുകാരെ വധിച്ചു.
- 1741 കുളച്ചല്‍ യുദ്ധം- ഡച്ച് സൈന്യത്തെ തിരുവിതാംകൂര്‍ സൈന്യം പരാജയപ്പെടുത്തി.
- 1792 ശ്രീരംഗപട്ടണം ഉടമ്പടി, മലബാര്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിലേക്ക്.
- 179397 ഒന്നാം പഴശ്ശി കലാപം, ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജ ആഞ്ഞടിക്കുന്നു.
- 1795 തിരുവിതാംകൂര്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയന്ത്രണത്തില്‍.
- 1800 രണ്ടാം പഴശ്ശി കലാപം.
- 1801 പഴശ്ശിരാജ കീഴടങ്ങിയാല്‍ മാപ്പ് നല്‍കാമെന്ന് ബ്രിട്ടീഷുകാര്‍ പ്രഖ്യാപിക്കുന്നു. പഴശ്ശിരാജയും സൈന്യവും ഒളിഞ്ഞും തെളിഞ്ഞും പോരാടുന്നു.
- 1805 ആറു വര്‍ഷത്തിലേറെ നീണ്ട തുടര്‍ച്ചയായ ചെറുത്തുനില്‍പുകള്‍ക്കും ആക്രമണങ്ങള്‍ക്കുമൊടുവില്‍ 1905 നവംബര്‍ 30ന് പഴശ്ശിരാജ കൊല്ലപ്പെടുന്നു.
- 1803 കൊച്ചിയില്‍ മെക്കാളെ പ്രഭുവിനെതിരെ നായര്‍ ലഹള. 300 പേര്‍ മരിച്ചു.
- 1809 ജനുവരി 11ന് വേലുത്തമ്പി ദളവയുടെ കുണ്ടറ വിളംബരം. തിരുവിതാംകൂറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള പോരാട്ടത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു. വേലുത്തമ്പിയുടെ മരണം.
- 1818 വയനാട്ടില്‍ കുറിച്യ ലഹള. ആദിവാസികളുടെ സ്വാതന്ത്ര്യ പോരാട്ടം.
- 1834 കൊച്ചി ദിവാന്‍ എടമന ശങ്കരന്‍ നായരെ ജനകീയ സമരത്തിലൂടെ പുറത്താക്കി.
- 1836 മലബാറില്‍ കര്‍ഷകരുടെ കലാപം തുടങ്ങി. ചെറുതും വലുതുമായ നിരവധി ലഹളകള്‍ തുടര്‍ന്നുണ്ടായി.
- 1837 ചാന്നാര്‍ കലാപം -മാറുമറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി കന്യാകുമാരിയിലെ സ്ത്രീകള്‍ നടത്തിയ പോരാട്ടം.
- 1859 കൊച്ചി ദിവാന്‍ വെങ്കിട്ടറാവുവിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ ബോള്‍ഗാട്ടി പാലസ് വളഞ്ഞു. 1860ല്‍ ദിവാനെ പിരിച്ചുവിട്ടു.
- 1887 ശ്രീനാരായണ ഗുരുവിന്‍െറ സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം.
- 1895 മലയാളി മെമ്മോറിയല്‍- കെ.പി. ശങ്കരമേനോന്‍, ജി.പി. പിള്ള തുടങ്ങിയവര്‍ ചേര്‍ന്ന് തയാറാക്കിയ മെമ്മോറാണ്ടം സെപ്റ്റംബര്‍ മൂന്നിന് 10,028 പേര്‍ ഒപ്പിട്ട് തിരുവിതാംകൂര്‍ മഹാരാജാവിന് സമര്‍പ്പിച്ചു.
- 1897 അമരാവതിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ മലയാളിയായ സി. ശങ്കരന്‍ നായര്‍ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
- 18991910 സ്വദേശാഭിമാനി, ദര്‍പ്പണം, കേരളപഞ്ചിക തുടങ്ങിയ പത്രങ്ങളിലൂടെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള ദിവാന്‍ ഭരണത്തിനെതിരെ ആഞ്ഞടിച്ചു.
- 1900 ഈഴവ മെമ്മോറിയല്‍-തിരുവിതാംകൂര്‍ സന്ദര്‍ശിക്കാനെത്തിയ വൈസ്രോയി കഴ്സണ്‍ പ്രഭുവിന് ഈഴവ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു.
- 1903 ശ്രീനാരായണഗുരു എസ്.എന്‍.ഡി.പി യോഗം സ്ഥാപിച്ചു.
- 190834 കേരളത്തിന് പുറത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള വീറുറ്റ പോരാട്ടങ്ങളുമായി ചെമ്പക രാമന്‍പിള്ള.
- 1910 കേരളത്തിലെ ആദ്യ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മലബാറില്‍, കോഴിക്കോട്ട് രൂപംകൊണ്ടു. സി. കുഞ്ഞിരാമ മേനോന്‍ സെക്രട്ടറി.
- 1910 സെപ്റ്റംബര്‍ 26ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തി. വക്കം മൗലവിയുടെ പ്രസ്സും പത്രവും കണ്ടുകെട്ടി.
- 1912 കാള്‍ മാര്‍ക്സിന്‍െറ ജീവചരിത്രം ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി മലയാളത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പ്രസിദ്ധപ്പെടുത്തി. ഇത് കേരളീയരില്‍ വിപ്ളവവീര്യം വളര്‍ത്തി.
- 1913 കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്ട്. അധ്യക്ഷന്‍: സേലം വിജയരാഘവാചാരി.
- മഹാത്മാഗാന്ധിയുടെ ജീവചരിത്രം മലയാളത്തില്‍. രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
- 1914 തിരുവിതാംകൂര്‍ നായര്‍ സര്‍വീസ് സൊസൈറ്റി രൂപവത്കരണം.
- കൊച്ചി രാജാവ് ശ്രീരാമവര്‍മ സ്ഥാനമൊഴിഞ്ഞു.
- 1915 ഹോംറൂള്‍ ലീഗ്: കെ.പി. കേശവമേനോന്‍െറ നേതൃത്വത്തില്‍ കോഴിക്കോട്ടും വി.കെ. കൃഷ്ണമേനോന്‍െറ നേതൃത്വത്തില്‍ തലശ്ശേരിയിലും ഹോംറൂള്‍ ലീഗിന്‍െറ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
- 1916 ആനി ബെസന്‍റ് കേരളത്തില്‍. കോണ്‍ഗ്രസ് മലബാര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നാം മലബാര്‍ രാഷ്ട്രീയ സമ്മേളനം പാലക്കാട്ട്. ആനി ബെസന്‍റ് മുഖ്യാതിഥി.
- തൃശൂരില്‍ ഹോംറൂള്‍ ലീഗ് സമ്മേളനം. ഗോഖലെ മെമ്മോറിയല്‍ അസോസിയേഷന്‍ രൂപംകൊണ്ടു.
- മലയാളത്തില്‍ പ്രസംഗിക്കാന്‍ പാടില്ലെന്ന ജില്ലാ കലക്ടറുടെ കല്‍പനയില്‍ പ്രതിഷേധിച്ച് കെ.പി. കേശവമേനോന്‍ പൊതുയോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
- 1917 സഹോദരന്‍ അയ്യപ്പന്‍: ശ്രീനാരായണഗുരുവിന്‍െറ ശിഷ്യനും സാമൂഹിക പരിഷ്കര്‍ത്താവുമായ കെ. അയ്യപ്പന്‍ കൊച്ചിയില്‍ സഹോദരസംഘം സ്ഥാപിച്ചു.
- കോണ്‍ഗ്രസിന്‍െറ രണ്ടാം രാഷ്ട്രീയ സമ്മേളനം കോഴിക്കോട്ട്.
- 1918 തൃശൂരില്‍ ചേര്‍ന്ന കൊച്ചി മഹാജനസഭ കൊച്ചി രാജ്യത്ത് ഉത്തരവാദഭരണം ആവശ്യപ്പെട്ടു.
- കോണ്‍ഗ്രസ് മൂന്നാം സമ്മേളനം തലശ്ശേരിയില്‍.
- 1919 ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് സി. ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ പ്രതിനിധിസഭയില്‍നിന്ന് രാജിവെച്ചു.
- വടകരയില്‍ കോണ്‍ഗ്രസ് സമ്മേളനം.
- എറണാകുളത്തും തൃശൂരും കോണ്‍ഗ്രസ് കമ്മിറ്റികള്‍.
- ടി.കെ. മാധവന്‍െറയും ഇ.ജെ. ജോണിന്‍െറയും നേതൃത്വത്തില്‍ തിരുവിതാംകൂറില്‍ പൗരാവകാശ സമിതി.
- 1920 മലബാര്‍ ജില്ലാടിസ്ഥാനത്തിലുള്ള കോണ്‍ഗ്രസിന്‍െറ അവസാന സമ്മേളനം ഏപ്രില്‍ 28ന് മഞ്ചേരിയില്‍. 1300ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. മിതവാദികളും തീവ്രവാദികളും തമ്മില്‍ ശക്തമായ ആശയസംഘട്ടനങ്ങളുണ്ടായി.
- മലബാറില്‍ ഖിലാഫത്ത് പ്രസ്ഥാനം രംഗത്ത്. ഗാന്ധിജിയും മൗലാനാ മുഹമ്മദലിയും കോഴിക്കോട്ട്.
- നിസ്സഹകരണ പ്രസ്ഥാനവും പ്രക്ഷോഭങ്ങളും സജീവമാവുന്നു.
- എ.കെ. പിള്ള മുന്‍കൈയെടുത്ത് കൊല്ലത്തും തിരുവനന്തപുരത്തും കോണ്‍ഗ്രസ് കമ്മിറ്റികള്‍ സ്ഥാപിച്ചു.
- 1921 കോണ്‍ഗ്രസിന്‍െറ പ്രഥമ കേരള സമ്മേളനം ഏപ്രില്‍ 23ന് ഒറ്റപ്പാലത്ത്. ടി. പ്രകാശം അധ്യക്ഷന്‍. നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
- മലബാര്‍ ലഹള: ആഗസ്റ്റ് 20ന് ആരംഭിച്ച പ്രക്ഷോഭത്തില്‍ പതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടു.
- വാഗണ്‍ ട്രാജഡി: നവംബര്‍ 10ന് നിരവധി മനുഷ്യരെ ഒരു തീവണ്ടി വാഗണില്‍ പൂട്ടിയിട്ടു. തിരൂര്‍ സ്റ്റേഷനിലെത്തി വാഗണ്‍ തുറന്നപ്പോള്‍, 64 പേര്‍ ശ്വാസംമുട്ടി മരിച്ചിരുന്നു.
- കോഴിക്കോട്ട് യാക്കൂബ് ഹസ്സനെ അറസ്റ്റ് ചെയ്തതിന്‍െറ പ്രതിഷേധം കേരളമാകെ വ്യാപിച്ചു.
- സി. രാജഗോപാലാചാരി തൃശൂരില്‍ പ്രസംഗിച്ചു.
- 1922 തിരുവിതാംകൂറില്‍ വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങി.
- 1923 കോണ്‍ഗ്രസിന്‍െറ രണ്ടാം പ്രവിശ്യാ സമ്മേളനം പാലക്കാട്ട്. സരോജിനി നായിഡു മുഖ്യാതിഥി.
- സ്വാതന്ത്ര്യസമരത്തിന് ആവേശം പകരുന്നതിനായി കെ. മാധവന്‍, കെ.പി. കേശവമേനോന്‍, കൂറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് 17ന് മാതൃഭൂമി ദിനപത്രം ആരംഭിച്ചു.
- തലശ്ശേരിയില്‍ ഖിലാഫത്ത് സമ്മേളനം. ബിഹാറിലെ കോണ്‍ഗ്രസ് നേതാവ് ഡോ. സെയ്ദുമുഹമ്മദ് മുഖ്യാതിഥി.
- 1924 വൈക്കം സത്യഗ്രഹം. ഏപ്രിലില്‍ തുടങ്ങി 1925 മാര്‍ച്ച് വരെ നീണ്ടുനിന്നു.
- മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ‘അല്‍അമീന്‍’ പത്രം തുടങ്ങി.
- 1925 മഹാത്മാഗാന്ധി വീണ്ടും കേരളത്തിലെത്തി.
- 1927 കോണ്‍ഗ്രസിന്‍െറ മൂന്നാം പ്രവിശ്യ സമ്മേളനം കോഴിക്കോട്ട്.
- ഗാന്ധിജി കേരളത്തില്‍.
- 1928 സൈമണ്‍ കമീഷനിനെതിരെ കേരളമാകെ പ്രക്ഷോഭങ്ങള്‍.
- മേയ് 25-27ന് മൂന്നാം കോണ്‍ഗ്രസ് പ്രവിശ്യാ സമ്മേളനം പയ്യന്നൂരില്‍. ജവഹര്‍ലാല്‍ നെഹ്റു മുഖ്യാതിഥി. കേരള സംസ്ഥാനം രൂപവത്കരിക്കണമെന്ന് പ്രമേയം.
- റെയില്‍വേ തൊഴിലാളികള്‍ പണിമുടക്കി.
- 1930 ഉപ്പുസത്യഗ്രഹം: ഏപ്രില്‍ 15ന് പയ്യന്നൂരിലും മേയ് 12ന് കോഴിക്കോട്ടും ഉപ്പുനിയമലംഘനം. നേതാക്കളടക്കം 500ഓളം പേരെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടു. പൊലീസ് മര്‍ദനം.
- കോണ്‍ഗ്രസ് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കപ്പെട്ടു.
- 1931 കോണ്‍ഗ്രസിന്‍െറ അഞ്ചാം സമ്മേളനം വടകരയില്‍. ബംഗാളിലെ സ്വാതന്ത്ര്യസമര നേതാവ് ജെ.എം. സെന്‍ഗുപ്ത മുഖ്യാതിഥി. ക്ഷേത്രപ്രവേശത്തിനുള്ള സത്യഗ്രഹത്തിന് തീരുമാനം.
- നവംബര്‍ ഒന്നിന് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചു (1931-32).
- പൊന്നറ ശ്രീധരന്‍െറ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ യൂത്ത്ലീഗ്.
- 1932 ആറാം കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്ട്. സാമുവല്‍ ആറോണ്‍ അധ്യക്ഷന്‍. നേതാക്കളും സംഘാടകരും അറസ്റ്റില്‍.
- കോഴിക്കോട്ടും കണ്ണൂരും പിക്കറ്റിങ് സമരങ്ങള്‍. എ.വി. കുട്ടിമാളു അമ്മ അറസ്റ്റ് വരിച്ച് കൈക്കുഞ്ഞുമായി ജയിലില്‍.
- ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ കെ. കേളപ്പന്‍െറ നിരാഹാരസമരം. ഗാന്ധിജിയുടെ നിര്‍ദേശത്തില്‍ സെപ്റ്റംബര്‍ 13ന് സമരം പിന്‍വലിച്ചു.
- സമ്മേളനം നിരോധിച്ചതിനെതിരെ കര്‍ഷകത്തൊഴിലാളികളുടെ ജാഥ. പൊലീസ് മര്‍ദനം.
- 1933 ജനുവരി എട്ടിന് കേരളമാകെ ഗുരുവായൂര്‍ ദിനം കൊണ്ടാടി.
- തിരുവിതാംകൂറില്‍ നിവര്‍ത്തന പ്രക്ഷോഭം തുടങ്ങി.
- തൃശൂരില്‍ തൊഴിലാളികളുടെ പൊതുപണിമുടക്ക്.
- 1934 സോഷ്യലിസ്റ്റ് പാര്‍ട്ടി: കോണ്‍ഗ്രസിലെ ഇടതുപക്ഷ ആശയക്കാര്‍ കെ. കേളപ്പന്‍െറ അധ്യക്ഷതയില്‍ കോഴിക്കോട്ട് യോഗം ചേര്‍ന്ന് കേരള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചു. സി.കെ. ഗോവിന്ദന്‍ നായര്‍ പ്രസിഡന്‍റ്, പി. കൃഷ്ണപിള്ള സെക്രട്ടറി.
- ഇ.എം.എസ് അഖിലേന്ത്യാ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജോ. സെക്രട്ടറി.
- കൊച്ചി രാജ്യത്തെ ആദ്യത്തെ വിദ്യാര്‍ഥി പ്രക്ഷോഭം- എറണാകുളം മഹാരാജാസ് കോളജില്‍.
- 1935 ഏഴാമത് കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്ട്. ഇടതുപക്ഷവാദികള്‍ക്ക് മേല്‍ക്കൈ.
- മേയ് 11ന് സി. കേശവന്‍െറ കോഴഞ്ചേരി പ്രസംഗം. രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.
- നിവര്‍ത്തന പ്രക്ഷോഭകരുടെ ആവശ്യം ഗവണ്‍മെന്‍റ് അംഗീകരിച്ചു.
- 1936 നവംബര്‍ 12ന് ക്ഷേത്രപ്രവേശ വിളംബരം.
- പട്ടിണി മാര്‍ച്ച്: കണ്ണൂര്‍ മുതല്‍ മദ്രാസ് വരെ 750 മൈല്‍ ദൂരം കാല്‍നടയായി എ.കെ.ജി നടത്തിയ ചരിത്രപ്രസിദ്ധമായ പട്ടിണി മാര്‍ച്ച്.
- അഖില മലബാര്‍ കര്‍ഷകസംഘം രൂപംകൊണ്ടു. പി. നാരായണന്‍ നായര്‍ പ്രസിഡന്‍റ്, കെ.എ. കേരളീയന്‍ സെക്രട്ടറി.
- കൊച്ചിയില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് സഥാപിക്കപ്പെട്ടു. ഉത്തരവാദഭരണം ആവശ്യം.
- 1937 മദ്രാസ് ലെജിസ്ളേറ്റിവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്. മിക്ക സീറ്റും കോണ്‍ഗ്രസിന്. സി. രാജഗോപാലാചാരി പ്രധാനമന്ത്രിയായി മദ്രാസ് മന്ത്രിസഭ. കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ മലബാറില്‍നിന്ന് മന്ത്രിസഭയില്‍.
- അഖില കൊച്ചി രാഷ്ട്രീയ സമ്മേളനം തൃശൂരില്‍. ഡോ. പട്ടാഭി സീതാരാമയ്യ അധ്യക്ഷന്‍.
- 1938 തിരുവിതാംകൂറിലെ ശ്രീമൂലം അസംബ്ളിയില്‍ ഫെബ്രുവരി രണ്ടിന് ടി.എം. വര്‍ഗീസ് ഉത്തരവാദഭരണം ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചു. പട്ടം താണുപ്പിള്ള പ്രമേയത്തെ പിന്താങ്ങി പ്രസംഗിച്ചു.
- ഫെബ്രുവരി 25ന് തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിച്ചു. പട്ടം താണുപ്പിള്ള പ്രസിഡന്‍റ്. പ്രായപൂര്‍ത്തി വോട്ടവകാശവും ഉത്തരവാദഭരണവും ലക്ഷ്യം.
- ജയപ്രകാശ് നാരായണന്‍െറ അധ്യക്ഷതയില്‍ ഒമ്പതാം കോണ്‍ഗ്രസ് സമ്മേളനം കോഴിക്കോട്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിരോധം പിന്‍വലിക്കണമെന്ന് ആവശ്യം.
- ആഗസ്റ്റ് 26 മുതല്‍ തിരുവിതാംകൂറില്‍ നിയമലംഘന പ്രക്ഷോഭം. ശംഖുമുഖം പൊതുയോഗത്തില്‍ അറസ്റ്റ്.
- നെയ്യാറ്റിന്‍കരയില്‍ പ്രക്ഷോഭകാരികള്‍ക്കുനേരെ പൊലീസ് വെടിവെപ്പ്.
- ആലപ്പുഴയില്‍ പൊതുയോഗത്തില്‍ പൊലീസ് വെടിവെപ്പ്.
- ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കെതിരെ തിരുവിതാംകൂറില്‍ പ്രക്ഷോഭം.
- നിരോധത്തിനും നേതാക്കളെ അറസ്റ്റ് ചെയ്തതിനുമെതിരെ ഒക്ടോബര്‍ 23ന് തിരുവനന്തപുരത്ത് അക്കമ്മ ചെറിയാന്‍ നയിച്ച കൂറ്റന്‍ റാലി. ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു.
- കൊച്ചിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തി. ദ്വിഭരണ സമ്പ്രദായം നിലവില്‍ വന്നു.
- ദിവാന്‍ ഭരണത്തിനെതിരെ പ്രവര്‍ത്തിച്ചതിന് മലയാള മനോരമ പത്രത്തിന്‍െറ ലൈസന്‍സ് റദ്ദാക്കി. പ്രസും ഓഫിസും പൂട്ടിച്ചു. സെപ്റ്റംബര്‍ 10ന് പത്രാധിപര്‍ കെ.സി. മാമന്‍ മാപ്പിള അറസ്റ്റില്‍.
- 1939 കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കമ്യൂണിസിറ്റ് പാര്‍ട്ടിയായി രഹസ്യമായി പ്രവര്‍ത്തനം തുടങ്ങി.
- 194041 ഇടതുപക്ഷ ആശയക്കാരുടെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ സജീവമായി.
- 1941 കൊച്ചി രാജ്യപ്രജാ മണ്ഡലം രൂപംകൊണ്ടു. എസ്. നീലകണ്ഠ അയ്യര്‍ പ്രസിഡന്‍റ്, വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ സെക്രട്ടറി.
- കയ്യൂരില്‍ പ്രതിരോധസമരം.
- ദീനബന്ധു (എറണാകുളം), എക്സ്പ്രസ് (തൃശൂര്‍) പത്രങ്ങള്‍ തുടങ്ങി.
- 1942 ക്വിറ്റ് ഇന്ത്യാ സമരം. നിരവധി പേര്‍ അറസ്റ്റില്‍, മര്‍ദനങ്ങള്‍
- കീഴരിയൂര്‍ ബോംബ് കേസ്. ഡോ. കെ.ബി. മേനോനും 12 സഹപ്രവര്‍ത്തകരും ജയിലില്‍.
- 1943 കയ്യൂരിലെ അപ്പു, ചിരുകണ്ടന്‍, അബൂബക്കര്‍, കുഞ്ഞമ്പു എന്നീ നാല് സമരസഖാക്കളെ തൂക്കിക്കൊന്നു.
- 1946 കരിവെള്ളൂര്‍ പ്രക്ഷോഭം.
- പുന്നപ്ര വയലാര്‍ സമരം. ആലപ്പുഴയില്‍ പട്ടാളഭരണം, കൂട്ടക്കൊല.
- ധനകാര്യവും നിയമപാലനവും ഒഴികെയുള്ള വകുപ്പുകള്‍ ജനകീയ മന്ത്രിമാര്‍ക്ക് നല്‍കുന്നതായി കൊച്ചി രാജാവിന്‍െറ വിളംബരം. ഐക്യകേരളം സ്ഥാപിക്കാന്‍ രാജാവ് സമ്മതിക്കുന്നു.
- 1947 തിരുവനന്തപുരത്ത് ശക്തമായ പ്രക്ഷോഭം. ജൂലൈ 13ന് വെടിപ്പില്‍ മൂന്നു മരണം.
- ജൂലൈ 25ന് ദിവാന്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടിപ്പരിക്കേല്‍പിക്കുന്നു.
- ആഗസ്റ്റ് 19ന് സര്‍ സി.പി. ദിവാന്‍പട്ടം രാജിവെച്ചു.
- സെപ്റ്റംബര്‍ നാല് തിരുവിതാംകൂര്‍ ഉത്തരവാദഭരണം.
- പ്രജാമണ്ഡലം മന്ത്രിസഭ രാജിവെച്ചു.
- 1948 പ്രായപൂര്‍ത്തി വോട്ടവകാശം. തിരുവിതാംകൂറിലും കൊച്ചിയിലും തെരഞ്ഞെടുപ്പ്. തിരുവിതാംകൂറില്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ജനകീയ മന്ത്രിസഭ.
- ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ പ്രജാമണ്ഡലം മന്ത്രിസഭ.
- 1949 ജൂലൈ ഒന്ന് തിരുവിതാംകൂര്‍-കൊച്ചി സംയോജനം. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനം രൂപംകൊണ്ടു.
- 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലനില്‍ വന്നു.
- (അവലംബം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും
- കേരളവും- പി.എ. വാര്യര്‍)
Comments
Post a Comment