ഉദിനൂര്‍ സെന്‍ട്രല്‍ എയുപി സ്‌കൂള്‍ ജനകീയസൊസൈറ്റി
പാഠ്യ പാഠ്യതരപ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നിലാണെങ്കിലും പരിതാപകരമായ ഭൗതികാവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഉദിനൂര്‍ സെന്‍ട്രല്‍
എയുപി സ്‌കൂള്‍ ജനകീയമായി രൂപീകരിച്ച ഉദിനൂര്‍ എഡ്യുക്കേഷണല്‍ സൊസൈറ്റി
ഏറ്റെടുത്തു. സ്വകാര്യ മാനേജ്‌മെന്റിന്റെ കീഴില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച
വിദ്യാലയം ജനകീയ ഇടപെടലിന്റെ ഭാഗമായാണ് നാട്ടുകാരുടെ കൈകളിലെത്തുന്നത്.
സ്‌കൂളിന്റെ പഠനകാര്യങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും
മാനേജ്‌മെന്റിന് കഴിയാതെ വന്നതോടെയാണ് മൂന്നരയേക്കര്‍ സ്ഥലമുള്‍പ്പെടുന്ന
സ്‌കൂള്‍ വില്‍ക്കുന്നതിന് മാനേജ്‌മെന്റ് നിര്‍ബന്ധിതരായത്.
സ്വകാര്യവ്യക്തികളുടെ കൈകളിലായാല്‍ പ്രവര്‍ത്തനം അവതാളത്തിലാകുമെന്ന
ആശങ്കയിലാണ് നാട്ടുകാര്‍ സൊസൈറ്റി രൂപീകരിച്ച് ഏറ്റെടുത്തത്.
പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ സ്റ്റാഫ് അംഗങ്ങള്‍, നാട്ടുകാര്‍ എന്നിവരെ
നേരില്‍കണ്ട് സംഭാവനയായും വായ്പയായും തുക സമാഹരിച്ചു. 1.6 കോടി രൂപ
സമാഹരിച്ചതില്‍ 60 ലക്ഷം രൂപ സംഭാവനയായി ലഭിച്ചു. ബാക്കി ഒരു വര്‍ഷത്തിന്
ശേഷം തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ വായ്പയായും വാങ്ങിച്ചു. എംപി, എംഎല്‍എ,
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച വിദ്യാലയമാക്കി
മാറ്റുന്നതരത്തിലുള്ള ശ്രമങ്ങളാണ് ജനകീയ കമ്മിറ്റി നടത്തിവരുന്നത്.
വടക്കുഭാഗത്തെ പഴയ കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുള്ള
മൂന്നുനില കെട്ടിടം നിര്‍മിക്കും. സൊസൈറ്റിയുടെ ഫണ്ട് ശേഖരണോദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പടന്ന
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത
വഹിച്ചു. പ്രമുഖ കോണ്‍ട്രാക്ടര്‍ എം.വി കുഞ്ഞിക്കോരന്‍ തുക കൈമാറി.
ചെറുവത്തൂര്‍ എഇഒ കെ.പി പ്രകാശ് കുമാര്‍, വിവിധ രാഷ്ട്രീയ കക്ഷി
പ്രതിനിധികളായ എം.വി കുഞ്ഞിക്കോമന്‍, അഡ്വ.എം.സി ജോസ്, പി.വി മുഹമ്മദ്
അസ്ലം, പി.കുഞ്ഞമ്പു, മനോഹരന്‍ കൂവാരത്ത്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എം
മനോഹരന്‍, വി.വി ബാബുരാജ്, പി.ടി.എ പ്രസിഡന്റ് ബാലകൃഷ്ണന്‍ നാറോത്ത്
എന്നിവര്‍ പ്രസംഗിച്ചു. സൊസൈറ്റി സെക്രട്ടറി ദാമു കാര്യത്ത് സ്വാഗതവും
ജോയിന്റ് സെക്രട്ടറി ഇയ്യക്കാട് രാഘവന്‍ നന്ദിയും പറഞ്ഞു.
Comments
Post a Comment