വീട് ഒരു വിദ്യാലയം - പാരന്റിങ്ങ് 2016



കുട്ടിയോടൊപ്പം പഠനത്തില്‍ പങ്കാളിയാകുന്ന രക്ഷിതാവ്’ എന്ന ലക്ഷ്യം അവധിക്കാല അധ്യാപക പരിശീലനത്തില്‍ വെച്ച് കേട്ടപ്പോള്‍ത്തന്നെ തുടങ്ങിയതാണ്,ഇത് പ്രാവര്‍ത്തികമാക്കാന്‍ എന്തൊക്കെ ചെയ്യാന്‍കഴിയും എന്ന ചിന്ത.എസ്.ആര്‍.ജി.യോഗത്തിലും, പി.ടി.എ,മദര്‍ പി.ടി.എ യോഗങ്ങളിലും ഇക്കാര്യം ചര്‍ച്ചചെയ്തു.അങ്ങനെയാണ് സ്കൂളിലെ മുഴുവന്‍ രക്ഷിതാക്കള്‍ക്കും,അധ്യാപക പരിശീലനത്തിന്റെ ചുവടുപിടിച്ച് രണ്ടുദിവസത്തെ പരിശീലനം അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ നല്‍കുവാന്‍ ധാരണയായത്. പ്രവേശനോത്സവദിവസം സ്കൂളിലെത്തിയ രക്ഷിതാക്കളോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവധിദിവസം കുട്ടികളെ വീട്ടില്‍ തനിച്ചാക്കി വരാനുള്ള പ്രയാസം പലരും സൂചിപ്പിച്ചു.ഒപ്പം ഏതെങ്കിലും പ്രവ്യ് ത്തിദിവസം ഇത്തരം പരിശീലനം സംഘടിപ്പിക്കുകയാണെങ്കില്‍ എത്താമെന്ന് എല്ലാവരും ഉറപ്പു നല്‍കുകയും ചെയ്തു..ആദ്യഘട്ടത്തില്‍ ഒരു ദിവസത്തെ പരിശീലനമായിരിക്കും നല്ലതെന്നും ചിലര്‍സൂചിപ്പിച്ചു.. തൊട്ടടുത്ത ദിവസം ചേര്‍ന്ന എസ്.ആര്‍.ജി.യോഗത്തില്‍ പരിശീലനത്തിന്റെ ഉള്ളടക്കം നിശ്ചയിച്ചു.ഓരോ ക്ലാസ്സിലെയും പാഠപുസ്തകങ്ങളുടെ ഉള്ളടക്കം,പഠനരീതി,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങള്‍,ഇതിനായി രക്ഷിതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്നതായിരിക്കണം പരിശീലനം എന്ന് ധാരണയായി.ഉച്ചവരെയുള്ള പൊതുസെഷനില്‍ ‘പാരന്റിംഗ്’ സംബന്ധിച്ച അവതരണവും,തുടര്‍ന്ന് പൊതു ചര്‍ച്ചയും.. ഉച്ചയ്ക്കുശേഷം ക്ലാസ്സുതലത്തിലുള്ള കൂടിയിരിപ്പ്...മുഴുവന്‍ കുട്ടികളെയും പഠനനേട്ടങ്ങളുടെ അവകാശികളാക്കി മാറ്റുന്നതിനുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഇവിടെവെച്ച് രൂപം കൊള്ളണം..അതിന് നേത്യ് ത്വം നല്‍കാന്‍ കഴിയുന്ന ആര്‍.പി.മാര്‍ ഓരോ ക്ലാസ്സിലും ഉണ്ടാവും എന്ന് ഉറപ്പുവരുത്തണം..കുട്ടികളുടെ പഠനമണിക്കൂറുകള്‍ നഷ്ടപ്പെടുത്താത്ത രീതിയിലായിരിക്കണം സംഘാടനം എന്നും തീരുമാനിച്ചു.പങ്കെടുക്കുന്ന മുഴുവന്‍ രക്ഷിതാക്കള്‍ക്കും ചായയും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്താമെന്ന് പി.ടി.എ യും സമ്മതിച്ചതോടെ ജൂണ്‍ 10ന് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30വരെ ഏകദിന രക്ഷാകര്‍ത്യ് പരിശീലനം നടക്കുമെന്ന അറിയിപ്പ് രക്ഷിതാക്കള്‍ക്ക് നല്‍കി.ചെറുവത്തൂര്‍ ബി.ആര്‍.സി.യിലെ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാറുമായി ചര്‍ച്ചചെയ്ത് ആര്‍.പി.മാരെ കണ്ടെത്തി.രാവിലെ മുതല്‍ ഉച്ചവരെയുള്ള പൊതുസെഷനില്‍ പാരന്റിംഗ്ക്ലാസ്സ് കൈകാര്യം ചെയ്യാന്‍ മഹേഷിനെതന്നെ ചുമതലപ്പെടുത്തി.വിവിധ ക്ലാസ്സുകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യ് ത്വം നല്‍കാന്‍ സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ ആര്‍.പി.മാരായി മികവുതെളിയിച്ച ഉണ്ണിരാജന്‍.പി.വി(ഒന്നാം തരം),ഷൈജു ബിരിക്കുളം(രണ്ടാം തരം),കെ.കെ.രാഘവന്‍(മൂന്നാം തരം),ഇ.മധുസൂദനന്‍(നാലാം തരം)എന്നിവരെയും ഏര്‍പ്പാടാക്കി....ക്ലാസ്സ് ടീച്ചര്‍മാര്‍ ഓരോ ദിവസവും കുട്ടികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു, രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന കാര്യം...ഒടുവില്‍ ആദിവസം വന്നെത്തി...ജൂണ്‍ 10 വെള്ളിയാഴ്ച..രാവിലെ 9.30നു തന്നെ എത്തിയ പി.ടി.എ മദര്‍പി.ടി.എ കമ്മറ്റിയംഗങ്ങളെ റജിസ്ട്രേഷന്റെ ചുമതലയേല്‍പ്പിച്ചു...സ്കൂള്‍ ഹാളിലായിരുന്നു ആദ്യ സെഷന്‍...ഇവിടെ ക്ലാസ്സുകളൊന്നും നടക്കുന്നില്ല.. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന പ്രശ്നവുമില്ല...അധ്യാപികമാര്‍ 10 മിനുട്ട് മാത്രം നീണ്ടുനിന്ന ഉദ്ഘാടന പരിപാടിക്കുശേഷം സാധാരണപോലെ അവരവരുടെ ക്ലാസ്സുകളിലേക്ക് പോയി.പ്രധാനാധ്യാപകന്‍ കെ.നാരായണന്റെ അധ്യക്ഷതയില്‍ ബി.പി.ഒ മഹേഷ്കുമാര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു.എസ്.ആര്‍.ജി.കണ്‍വീനര്‍ കെ.വി.ഭാസ്കരന്‍ സ്വാഗതം പറഞ്ഞു. മദര്‍പി.ടി.എ പ്രസിഡണ്ട് ചിത്രലേഖ ആശംസകള്‍ അര്‍പ്പിച്ചു..തുടര്‍ന്ന് പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ മഹേഷ് കൈകാര്യം ചെയ്ത പാരന്റിംഗ് ക്ലാസ്സ് രക്ഷിതാക്കള്‍ക്ക് പുതിയ അനുഭവമായി.‘ഞാന്‍ നല്ലൊരു രക്ഷിതാവാണോ?’ എന്ന് ഓരോ രക്ഷിതാവിനും സ്വയം വിലയിരുത്താനുള്ള ഒട്ടേറെ അവസരങ്ങള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു..പൊതുവിദ്യാലയങ്ങളുടെ മികവുകളെ എടുത്തുകാണിക്കുക വഴി പൊതുവിദ്യാലയങ്ങളില്‍നിന്ന് തങ്ങളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുമെന്ന ആത്മവിശ്വാസം രക്ഷിതാക്കള്‍ക്കുണ്ടായി.അവതരണത്തിനു ശേഷം ഏതാണ്ട് അരമണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍ തങ്ങളുടെ സംശയങ്ങള്‍ ഉന്നയിക്കാന്‍ പല രക്ഷിതാക്കളും മുന്നോട്ടുവന്നു. തെളിവുകള്‍ നിരത്തിക്കൊണ്ട് രക്ഷിതാക്കളുടെ ആശങ്കകള്‍ ദൂരീകരിക്കാന്‍മഹേഷ് പ്രത്യേകം ശ്രദ്ധിച്ചു.....ഉച്ചഭക്ഷണത്തിനു ശേഷം ഐ.സി.ടി.സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തിക്കൊണ്ട്, ക്ലാസ്സ്തല കൂടിയിരിപ്പില്‍ വെച്ച് പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചും,കുട്ടികള്‍ കൈവരിക്കേണ്ട പഠന നേട്ടങ്ങളെക്കുറിച്ചും,രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കുട്ടികള്‍ക്കും,അധ്യാപികയ്ക്കും ലഭിക്കേണ്ടുന്ന സപ്പോര്‍ട്ടിംഗിനെക്കുറിച്ചും ആര്‍.പി.മര്‍ വിശദീകരിച്ചു... തികച്ചും ഫലപ്രദമായ പരിശീലനമായിരുന്നു ലഭിച്ചതെന്ന് സമാപനസെഷനില്‍ സംസാരിച്ച രക്ഷിതാക്കള്‍സൂചിപ്പിച്ചു. ഓരോ ക്ലാസ്സിലെയും പ്രവര്‍ത്തനങ്ങളില്‍ ടീച്ചറെ സഹായിക്കാനായി 5 പേര്‍വീതമുള്ള ‘ക്ലാസ്സ് സപ്പോര്‍ട്ടിംഗ് ടീം’ (C S T) രൂപീകരിച്ചു.ജൂലൈ ആദ്യവാരത്തിലെ ക്ലാസ്സ് പി.ടി.എ യോഗത്തിനുശേഷം ഒരു ദിവസംകൂടി തുടര്‍ പരിശീലനം നടത്താനും ധാരണയായി.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ രക്ഷിതാക്കളുടെയും പിന്തുണയഭ്യര്‍ഥിച്ചുകൊണ്ട് സംസാരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തതോടെ ഏകദിനപരിശീലനത്തിന് സമാപനമായി.സ്കൂളില്‍ ആകെയുള്ള 89 കുട്ടികളില്‍ 76 പേരുടെ രക്ഷിതാക്കളും പരിശീലനത്തില്‍ എത്തുകയും പൂര്‍ണ്ണ സമയവും പങ്കെടുക്കുകയും ചെയ്തതുകൊണ്ടു തന്നെയാണ് ഈ ദിവസം ഏറെ സന്തോഷകരമെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചത്.. രക്ഷിതാക്കളുടെ ഈ ആവേശം...ആത്മവിശ്വാസം..കൂട്ടായ്മ നിലനിര്‍ത്താനായാല്‍,ഒരു സംശയവും വേണ്ട..എല്ലാം ശരിയാകും.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015