ശാസ്ത്ര വിജ്ഞാനത്തിന്‍റെ പുതിയ വഴികള്‍ തേടി ...


ചെറുവത്തൂർ: അധ്യാപക പരിശീലനത്തിൽ പുതുവഴികൾ തേടി ചെറുവത്തൂർ ഉപജില്ലാതല ശാസ്ത്രോത്സവത്തിന് ആലന്തട്ട എ.യു.പി.സ്കൂളിൽ തുടക്കമായി. രസകരവും ചിന്തോദ്ദീപകവുമായ പ്രവർത്തനങ്ങളിലൂടെ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെ ശാസ്ത്ര പഠനത്തിൽ കൂടുതൽ തല്പരരാക്കുന്നതിനായി സർവശിക്ഷ അഭിയാൻ ആസൂത്രണം ചെയ്ത സ്കൂൾ തല ശാസ്ത്രോത്സവങ്ങൾക്കു മുന്നോടിയായാണ് ശാസ്ത്രാധ്യാപകർക്കുള്ള പരിശീലനം. പ്രകൃതി പ്രതിഭാസങ്ങളെയും ദൈനംദിന ജീവിതത്തിലെ അനുഭവങ്ങളെയും ശാസ്ത്രീയമായി വ്യാഖ്യാനിക്കാനുള്ള ശേഷി കുട്ടികളിൽ രൂപപ്പെടുമ്പോഴാണ് ശാസ്ത്ര പഠനം സാർഥകമാകുന്നത്. ഇതിനായി ശാസ്ത്രത്തിന്റെ രീതിയിലുടെ പഠനാനുഭവങ്ങൾ നൽകുന്നതിനുള്ള പ്രായോഗികാനുഭവമാണ് മൂന്നു ദിവസത്തെ ശാസ്ത്രോത്സവത്തിലൂടെ അധ്യാപകർക്ക് ലഭ്യമാക്കുന്നത്. ഉപജില്ലയിലെ 32 വിദ്യാലയങ്ങളിലെ അധ്യാപകർക്കൊപ്പം ആലന്തട്ട, നാലിലാംകണ്ടം സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന 100 കുട്ടികളും ശാസ്ത്രോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഉപകരണങ്ങൾ നിർമിക്കുന്നതിനും, ചെറുസംഘങ്ങളായി പരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും, നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും, വിലയിരുത്തുന്നതിനു മുള്ള അവസരങ്ങൾ മുഴുവൻ കുട്ടികൾക്കും ലഭിക്കും. തത്സമയ പിന്തുണയും യുക്തിചിന്ത യിലൂന്നിയ വിശകലന


ചോദ്യങ്ങളുമായി ഓരോ സംഘത്തിനൊപ്പവുംരണ്ടോ മൂന്നോ  അധ്യാപകർ ഉണ്ടാകും വിധമാണ് സംഘ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ഉല്പന്നങ്ങളുടെയും, അനുബന്ധമായി ഒരുക്കിയ വൈവിധ്യമാർന്ന പാനലുകളുടെയും പ്രദർശനം കാണാൻ വെളളിയാഴ്ച ഉച്ചയ്ക്കു ശേഷം രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ എത്തും.
       കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കയനി കുഞ്ഞിക്കണ്ണൻ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.എം.സദാനന്ദൻ മുഖ്യാതിഥിയായിരുന്നു. എസ്.എസ്.എ.ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ.നാരായണൻ ശാസ്ത്രോത്സവ പരിപാടികൾ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹനൻ.പി.പി, ഷീന.കെ, കെ.ഗീത പ്രഥമാധ്യാപിക കെ.വനജാക്ഷി, സീനിയർ അധ്യാപകൻ ടി.വി.ബാലകൃഷ്ണൻ, മദർ പി.ടി.എ. പ്രസിഡണ്ട് സി. നിഷ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പി.ടി.എ.പ്രസിഡണ്ട് കെ.ജയൻ അധ്യക്ഷത വഹിച്ചു.ഉപജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ സെക്രട്ടറി കെ.വി.വിനോദ് സ്വാഗതവും സ്കൂൾ ലീഡർ അബിജ അർജുൻ നന്ദിയും പറഞ്ഞു.

     വെള്ളിയാഴ്ച 3 മണിക്ക് നടക്കുന്ന സമാപന യോഗം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.എസ്.എസ്.എ    .ജില്ലാ പ്രൊജക്ട് ഓഫീസർ കെ. രവിവർമ്മൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും.               കെ.ചന്ദ്രൻ ,കെ.വി.വിനോദ് ,സി.ശശികുമാർ ,പ്രേമലത എന്നിവരാണ് വിവിധ സെഷനുകൾ കൈകാര്യം ചെയ്യുന്നത്. പി.ടി.എ,   മദർ പി.ടി.എ പ്രവർത്തകർക്കൊപ്പം ബി.അർ.സി ട്രെയിനർമാരായ പി.വി.ഉണ്ണി രാജൻ, പി.കെ.സരോജിനി, സ്നേഹലത, ഇന്ദുലേഖ, സുഹറാബി എന്നിവരും, സംഘാടനത്തിന് നേതൃത്വം വഹിക്കുന്നു.




Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015