GANITHA VIJAYAM @ GLPS KAYYUR

ബേങ്കിലേക്ക് സ്വയമെഴുതിയ ചെക്കെടുത്തു പോയും എ ടി എം കൗണ്ടറിൽ കാർഡിട്ട് പണം പോക്കറ്റിലാക്കിയും കണക്കിന്റെ മധുരാനുഭൂതിയിൽ ലയിച്ച് കയ്യൂരിലെ കുരുന്നുകൾ .സർവശിക്ഷാ അഭിയാൻ ചെറുവത്തൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിലാണ്  ഗണിതവിജയം പദ്ധതി വിജയത്തിളക്കത്തിലെത്തി നിൽക്കുന്നത്. കയ്യൂർ ജി എൽ പി സ്കൂളിലാണ് പത്തുനാൾ നീളുന്ന ഗണിത വിജയം പകുതി പിന്നിട്ടത്.
         ബി ആർ സി അനുവദിച്ച ഗണിത ലാബിലെ ഗണിത പഠനോപകരണങ്ങൾ ഫലപ്രദമായി ഉപയോഗിച്ച് കണക്കിന്റെ കുരുക്കുകൾ രസകരമായി അഴിച്ചെടുക്കുകയാണ് കയ്യൂരിലെ കുട്ടികൾ. പാഠഭാഗത്തു നിന്നും നിത്യജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഭാഗങ്ങളാണ് കുട്ടികൾ പഠനോപകരണ സഹായത്താൽ പാൽപ്പായസം പോലെ ആസ്വദിക്കുന്നത്. നാൽപ്പതോളം ആകർഷകങ്ങളായ പ്രവർത്തനങ്ങളിലൂടെ പത്തുനാൾ കടന്നു പോകുന്ന കുട്ടികൾ ഗണിത പഠനത്തിൽ മിടുക്കൻമാരായിത്തീരുമെന്ന പ്രതീക്ഷയാണ്. എല്ലാ ഗണിത പ്രവർത്തനങ്ങളും പഠനോപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുമ്പോൾ ഗണിതാശയങ്ങൾ ആഴത്തിൽ ഉറപ്പിച്ചു നിർത്തുകയാണ് ഗണിത വിജയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന്, നാല് ക്ലാസുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികളെയാണ് പദ്ധതിയുടെ പങ്കാളികളാക്കുന്നത്. ഗൃഹാന്തരീക്ഷത്തിലും ഗണിതാശയങ്ങൾ കുട്ടികളിലേക്ക് പകരാൻ നിരവധി അവസരങ്ങളുണ്ടെന്ന് ഓർമപ്പെടുത്താൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് പ്രത്യേക യോഗവും ഇതിനിടെ നടത്തി വരുന്നു.ഒന്നാംതരം തൊട്ട് ഓരോ ക്ലാസ്മുറികളിലും ഗണിത ലാബ് എന്ന ആശയം ഇതോടൊപ്പം തന്നെ സർവശിക്ഷാ അഭിയാൻ മുന്നോട്ടു വയ്ക്കുന്നു. സ്കൂൾ ഗണിത ലാബിൽ നടക്കുന്ന ക്ലാസിൽ ഓരോരുത്തർക്കും കൂടുതൽ പരിഗണന കൊടുത്തും തുടരെത്തുടരെ ഗണിതാന്തരീക്ഷമൊരുക്കിയും വിദ്യാർഥികളെ ഗണിതത്തിന്റെ കൂട്ടുകാരാക്കി മാറ്റുകയാണ് ഗണിതവിജയം.
      മദർ പി ടി എ പ്രസിഡന്റ് കെ വി പ്രസീന   ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക സി പങ്കജാക്ഷി, പി ടി എ പ്രസിഡന്റ് കെ രാജൻ, എൻ കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.ബി ആർ സി പരിശീലകരായ പി വി ഉണ്ണിരാജൻ, പി വേണു ഗോപാലൻ, പി കെ സരോജിനി, പി സ്നേഹലത എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

Comments

Popular posts from this blog

രാമായണം ക്വിസ്

രാമായണം ക്വിസ് 2015